ചെമ്പരത്തി

 


ശങ്കരൻ്റെ വീടിൻ്റെ മുള്ളുവേലിയിൽ ഒരു ചെമ്പരത്തി വിരിഞ്ഞു. അത് പതിയെ കണ്ണുതുറന്നു. മുള്ളുവേലിക്ക് മുൻപിലൂടെ ഒരു നടപ്പാത നീണ്ടുപോകുന്നുണ്ട്. അതിനപ്പുറം സിമെൻറ്‌ കട്ട കൊണ്ട് കെട്ടിപ്പൊക്കിയ മതിലാണ്. അതിനകത്താണ് ഇട്ടൂക്കര ജോസഫേട്ടൻ്റെ ടെറസ് വീട്. ഇട്ടൂക്കര എന്ന് ഇംഗ്ലീഷിൽ മതിലിൻ്റെ സിമെൻറ്‌  ബോർഡിൽ നല്ല സ്റ്റൈലായി എഴുതിയിരിക്കുന്നു. മതിലിൻ്റെ ഒത്ത നടുക്കായി  മറ്റൊരു ചെമ്പരത്തി ചെടിയും വളർന്നിരിക്കുന്നു. ആ ചെടിയുടെ ഒരു കൊമ്പ് താഴ്ന്ന്  വിനയത്തോടെ നടപ്പാതയിലേക്ക് കൈകൂപ്പി നിൽക്കുന്നുണ്ട്. ആ കൊമ്പിലും ഒരു മൊട്ട് തളിർത്തു വരുന്നുണ്ട്. ശങ്കരൻ്റെ വേലിയിലെ ചെമ്പരത്തിക്ക് സമാധാനമായി. അതൊന്ന് വിരിഞ്ഞാൽ എനിക്ക് മിണ്ടാൻ ഒരാളായല്ലോ.

 

മൺപാത നേരെ പോകുന്നത് ഒരു വയലിലേക്കാണ്. ശങ്കരൻ്റെ വേലിയിൽ നിന്ന് നോക്കിയാൽ അങ്ങ് ദൂരെയുള്ള പാടത്തിൻ്റെ പച്ചപ്പ് കാണാം. വയലിനടുത്ത് താമസമാക്കിയ ശ്രീധരനും, അമ്മിണി അമ്മയും, തക്കാട്ടുകാവിൽ നിന്ന് കുടിയേറി പാർത്ത കുറച്ച് കുടുംബങ്ങളും എല്ലാം ചേർത്ത് ആ വയൽക്കരയിൽ പത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവർക്ക് പോകാനും വരാനുമുള്ള ഏക ആശ്രയം കൂടിയാണ് ഈ മൺപാത.

 

മുള്ളുവേലിയിലാണെങ്കിലും ചെമ്പരത്തിക്ക് ശങ്കരനെയോ വീടോ ശങ്കരൻ്റെ ഭാര്യയായ സരസയെയോ അവിടെ നിന്നുകൊണ്ട് വ്യക്തമായി കാണാൻ കഴിയാറുണ്ടായിരുന്നില്ല. കാണാൻ പറ്റിയില്ലെങ്കിലും തൻ്റെ രണ്ടുചെവികളും ചെമ്പരത്തി എപ്പോഴും ശങ്കരൻ്റെ വീട്ടിലേക്ക് തുറന്ന് പിടിച്ചു. സരസമ്മ മീന്മുറിച്ച വെള്ളവുമായി വാഴത്തടത്തിലേക്ക് പോകുമ്പോൾ ഇടയ്‌ക്കൊക്കെ ഒരു മൂളിപ്പാട്ട് പാടും. എന്ത് രസമാണെന്നോ ആ പാട്ടിന്. രണ്ടുവരിയാണ് പാടുന്നതെങ്കിലും കേട്ടിരുന്നു പോകും. ശങ്കരൻ വീട്ടിലില്ലാത്തപ്പോഴൊക്കെ സരസമ്മ സ്വയം സംസാരിക്കുന്നതും കേൾക്കാം. ഇടയ്‌ക്ക് പൂച്ചയോടും കാക്കയോടുമൊക്കെയായിരിക്കും തൻ്റെ വിഷമങ്ങൾ പങ്കുവെയ്ക്കുന്നത്. പൂച്ചയോടും കാക്കയോടുമൊക്കെ സംസാരിക്കാമെങ്കിൽ എന്തുകൊണ്ട് ഈ ചെമ്പരത്തിയോടും ആയിക്കൂടാ. എനിക്ക് ഇവിടെ മിണ്ടിയും പറഞ്ഞും സമയം കളയാൻ ആരാണുള്ളത്?.

 

ശങ്കരൻ്റെ വീടിന്റെ പണി ഇതുവരെ തീർന്നിട്ടില്ല. ടെറസിട്ട വീടാണെങ്കിലും തേച്ചിട്ടോ, ജനാല വെച്ചിട്ടോ ഇല്ല. ശങ്കരന് കൂലിപ്പണി കഴിഞ്ഞ് കിട്ടുന്ന ചെറിയ പണം കൊണ്ട് വീട്ട് ചെലവും രണ്ടുപേരുടെയും എല്ലാ മാസവുമുള്ള ആശുപത്രി ചെലവും എല്ലാം കൂടെ നടക്കുന്നില്ല. ഇപ്പോഴാണെങ്കിൽ പണിയും വളരെ കുറവാണ്. സരസമ്മക്ക് വെരിക്കോസിൻ്റെ അസുഖമാണ്. അത് കാരണം പണിക്കൊന്നും പോകാൻ അവർക്കും വയ്യ. എല്ലാ മാസവും ടൗണിൽ ഡോക്ടറെ കാണാൻ പോകും. ശങ്കരനെ അതിനൊന്നും കിട്ടാത്തതുകൊണ്ട് സരസമ്മയുടെ അനിയത്തി ജാനകിയുടെ കൂടെയാണ് ഹോസ്പിറ്റലിലേക്കുള്ള പോക്ക്. ഹോസ്പിറ്റലിൽ പോകാനുള്ള ദിവസത്തിന് മുൻപേ ജാനകി വീട്ടിലെത്തും. ജാനകി വന്നാൽ പിന്നെ അവൾ തൊടിയിലേക്കിറങ്ങി ചെമ്പരത്തിച്ചെടിയുടെ മുൻപിലെത്തും. ചെമ്പരത്തിച്ചെടിയിലെ ഇലകൾ ഓരോന്നായി നുള്ളിയെടുത്ത് അതിലേക്ക് ജാനകിക്ക് മാത്രമറിയാവുന്ന ചില പൊടിക്കൈകൾ കൂടെച്ചേർത്ത് ഒരു എണ്ണയുണ്ടാക്കും. അതവൾ സരസമ്മയെ ഒരു കസേരയിൽ ഇരുത്തി തലയിൽ തേച്ച് കൊടുക്കും. ജാനകിയുടെ ഈ തവണത്തെ വരവിൽ അവളും ശ്രദ്ധിച്ചു മൺപാതയിലേക്ക് താഴ്ന്ന് നിൽക്കുന്ന ജോസഫേട്ടന്റെ പറമ്പിലെ ചെമ്പരത്തി ചെടിയെ. അൽപ സമയം നോക്കി നിന്നിട്ട് അവൾ സരസമ്മയോട് എന്തോ പറയാൻ വേണ്ടി തിരിച്ചുപോയി. ചെമ്പരത്തി ജാനകിയെ ഒന്ന് ശ്രദ്ധിച്ചു. എന്താണ് അവളുടെ ഉദ്ദേശം.

 

രാത്രിയായാൽ ജാനകിയും സരസമ്മയും ലൈറ്റും അണച്ച് കട്ടിലിൽ കിടന്ന് ഓരോ കഥകൾ പറഞ്ഞുകൊണ്ടിരിക്കും. ഇതൊന്നും ദഹിക്കാത്ത ശങ്കരൻ അത്താഴത്തിന് കഴിച്ച ചേമ്പ് കൂട്ടാനിനെ ഓർത്തെടുത്ത് ഇല്ലാത്ത ജനലിൻ്റെ അഴികളിലൂടെ പുറത്തേക്ക് നീട്ടിയൊന്ന് തുപ്പും.

എന്തുവാടി ഇത്, ഇവിടെ ആർക്കും കൂട്ടാൻ വെക്കാൻ അറിയില്ലേ.

 ഇത് കേൾക്കുമ്പോൾ ജാനകി തൻ്റെ സംസാരം നിർത്തും. അതോടെ അവരുടെ പരദൂഷണ പരമ്പരയുടെ അന്നത്തെ എപ്പിസോഡ് അവിടെ തീരും.

 നേരം വെളുക്കുന്നത് ജോസഫേട്ടൻ്റെ വീടിന് പിന്നിലാണെന്ന് ചെമ്പരത്തിക്ക് മനസ്സിലായി. അത് മാത്രമല്ല ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആ വേലിക്ക് മുൻപിലൂടെ വേലക്ക് പോകുന്നതും അല്ലാത്തതുമായ എല്ലാവരുടെയും പേരും സമയവും രൂപവുമെല്ലാം ചെമ്പരത്തി പഠിച്ചെടുത്തു. താൻ നിൽക്കുന്നത് വേലിക്ക് അല്പം പിന്നിലായതിനാൽ തന്നെ ആരും അത്ര ശ്രദ്ധിക്കുന്നില്ല എന്ന കാര്യവും ചെമ്പരത്തി മനസ്സിലാക്കി. പക്ഷെ, ജോസഫേട്ടൻ്റെ പറമ്പിലെ ചെമ്പരത്തി ചെടിയിൽ പുതുതായി ഇട്ട മൊട്ടിന് അങ്ങനെ ആയിരിക്കില്ല. മൺപാതയിലേക്ക് താഴ്ന്നിറങ്ങിയ കൊമ്പുകളായതിനാൽ അവളെ എല്ലാവരും ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. ആ ഭാഗ്യം എനിക്കില്ലാതെ പോയി. ചെമ്പരത്തി ഒന്ന് നിശ്വസിച്ചുകൊണ്ട് തൻ്റെ ചുവന്ന ശരീരത്തിലേക്ക് നോക്കി.


ഓണം വന്നു. പിന്നാലെ തൊടിയിലെ പൂക്കളെ അന്വേഷിച്ച് കുട്ടികളുമെത്തി.  അവരെല്ലാം കാടുകളും മലകളും കയറിയിറങ്ങി അവർക്കുവേണ്ട പല നിറത്തിലുള്ള പൂക്കളെ കുട്ടകളിലും പ്ലാസ്റ്റിക് കവറുകളിലും ശേഖരിച്ചു. പക്ഷെ ആർക്കും ചെമ്പരത്തിയെ വേണ്ട. കുട്ടികൾക്കും ഓണത്തിനുമൊന്നും തന്നെ ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ചെമ്പരത്തിക്ക് വല്ലാത്ത സങ്കടം തോന്നി. മഹാബലിയെ വരവേൽക്കാൻ ഏത് പൂവിനും കാണില്ലേ ഒരാഗ്രഹം. താൻ എന്ത് മാത്രം നിർഭാഗ്യവതിയാണ്. ആ സങ്കടം കുറെ ദിവസം നീണ്ടു നിന്നു.


ഒരു ദിവസം വൈകുന്നേരം ആകാശം പതിവിലും നേരത്തെ കറുത്തു. മഴ ശക്തിയിൽ പെയ്തിറങ്ങി. സരസമ്മയും ജാനകിയും ടൗണിൽ പോയതുകൊണ്ട് അവരുടെ അലക്കിയിട്ട തുണികളെല്ലാം അയലിൽ കിടന്ന് ആത്മനിർവൃതി പൂണ്ടു.

നിങ്ങൾക്കിതൊക്കെ എടുത്ത് വെച്ചൂടായിരുന്നോ മനുഷ്യാ.

ഞാൻ ഇവിടെ ഇല്ലാത്ത ഒരു ദിവസമെങ്കിലും ഈ വീടൊക്കെയൊന്ന് നോക്കിക്കൂടെ. അതെങ്ങനെയാ ഇപ്പൊ പണിക്കും പോവാണ്ട് അങ്ങാടിയിൽ സന്ധ്യ ആവോളം സൊറ പറഞ്ഞിരുന്നാൽ മതിയല്ലോ.

എൻ്റെ വിധി

ചെമ്പരത്തി പ്രതീക്ഷിച്ചപോലെ എല്ലാ പ്രാവശ്യവും അവർ പറയും പോലെ വിധിയെ പഴിച്ചു.

ഇന്ന് ഡോക്ടർ പറഞ്ഞത് നിന്ന് കൊണ്ടുള്ള പണിയൊന്നും എടുക്കരുതെന്നാണ് എന്നത് സരസമ്മ മനസ്സിൽ ആലോചിച്ച് വീണ്ടും തൻ്റെ വിധിയെക്കുറിച്ച് ആലോചിച്ച് നെടുവീർപ്പിട്ടു. മഴ സരസമ്മയുടെ നെടുവീർപ്പിനെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് നിർത്താതെ പെയ്തുകൊണ്ടിരുന്നു.

സരസമ്മ പറഞ്ഞതിനുള്ള മറുപടി ശങ്കരൻ കൊടുത്തത് ഒരു ഇടി കൂടി വെട്ടിയതിന് ശേഷമാണ്.

പണിക്ക് പോവാഞ്ഞിട്ടല്ല, പണി വേണ്ടേ. 

സരസമ്മ ഉറക്കത്തിൽ അത് കേട്ട് ഒന്ന് മൂളി. ശങ്കരൻ പിന്നെയും എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. ശക്തമായ മഴയുടെ കോലാഹത്തിനിടയിൽ  സരസമ്മയോ ചെമ്പരത്തിയോ ഒന്നും കേട്ടില്ല.

മഴ മാറി, സൂര്യൻ അതിൻ്റെ ശോഭ മരങ്ങളിൽ നിറച്ചു. ഒരു മഴ കഴിഞ്ഞുള്ള പ്രഭാതം എന്ത് മനോഹരമാണ്. ചെമ്പരത്തി കൺ തുറന്നപ്പോൾ കണ്ടത്  ജോസഫേട്ടൻ്റെ മതിലിലെ ചെമ്പരത്തി ചെടിയിൽ നിന്നും തലയുയർത്തി തന്നെ നോക്കുന്ന പുതിയ ആളിനെയാണ്. ചെമ്പരത്തിക്ക് സന്തോഷം അടക്കാനായില്ല. താൻ കാത്തിരുന്ന സുഹൃത്ത് ഇതാ വന്നിരിക്കുന്നു.  അപ്പോഴാണ് ചെമ്പരത്തി പുതിയ ആളിനെ കൂടുതൽ ശ്രദ്ധിക്കുന്നത്. ആള് തന്നെപ്പോലെയല്ല, തന്നെക്കാൾ സുന്ദരിയാണ്. തൻ്റെ നിറവുമല്ല ജോസഫേട്ടന്റെ ഭാര്യ ജോളി ചേച്ചി കല്യാണം കൂടാൻ കഴിഞ്ഞ ഞാറാഴ്ച്ച ധരിച്ച സാരിയുടെ അതേ റോസ് നിറം. ചുവന്ന തൻ്റെ  നിറത്തിനോട് അന്നാദ്യമായി ചെമ്പരത്തിക്ക് അനിഷ്ടം തോന്നി. ചുവപ്പാണ് ഏറ്റവും നല്ല നിറമെന്നും ചുവപ്പാണ് പ്രണയത്തിൻ്റെയും  സൗന്ദര്യത്തിൻ്റെയും  നിറമെന്നും ഇടയ്ക്കിടെ ജാനകി പറഞ്ഞ് അറിയാം. എന്നിട്ടിപ്പോ ഈ റോസ് നിറം ചുവപ്പിനെ കവച്ചുവെച്ചിരിക്കുന്നു. ഇനി ജാനകിക്ക് തെറ്റിയതായിരിക്കുമോ ?

ഹലോ,

റോസ് ചെമ്പരത്തി തന്നെ നോക്കി ചിരിക്കുന്നു

എന്ത് മനോഹരമായ ചിരി, ഒരു നിമിഷം ആ ചിരിക്ക് മറുപടിയായി തൻ്റെ ചിരി മതിയാവുമോ എന്നുപോലും ചുവന്ന ചെമ്പരത്തിക്ക് തോന്നി. അവൾ പതിയെ ചിരിക്കാൻ ശ്രമിച്ചു.

എന്താണ് പേര് ?

ഹിബിസ്‌ക്കസ് റോസാ സൈനസിസ്

അവൾക്ക് അങ്ങനെ പറയാൻ തോന്നി, തൻ്റെ ശാസ്ത്രീയനാമത്തിൽ റോസ് എന്നുണ്ടെങ്കിലും തനിക്ക് ആ നിറം ലഭിച്ചില്ലല്ലോ എന്നാലോചിച്ചപ്പോൾ. മാത്രമല്ല നീയും ഞാനുമെല്ലാം ഒരേ ജാതിയാണെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഒന്നും പറഞ്ഞില്ല.

പേര് മാളു

ഈ വീട്ടിലെ ജാനു ഇട്ട പേരാണ്.

ഹാവൂ, ഞാൻ ഇപ്പോഴാണ് റിലാക്സ് ആയത്.

മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആരുണ്ടാവും എന്ന ഡൗട്ടിൽ ആയിരുന്നു. യൂ ആർ ലുക്കിങ് വെരി ബ്യൂട്ടിഫുൾ, എന്ത് ചന്തമാ നിൻ്റെ ഈ റെഡ് കളറിന്.

ജോളി ചേച്ചിയുടെ വായിൽ നിന്നും വരുന്ന അതേ ഇംഗ്ലീഷ് വാക്കുകൾ. എങ്കിലും റോസ് പറഞ്ഞത് ചുവന്ന ചെമ്പരത്തിയ്ക്ക് പെരുത്ത് ഇഷ്ടായി. അപ്പൊ ജാനകി പറഞ്ഞതൊന്നും വെറുതെയല്ല. ചുവന്ന ചെമ്പരത്തിക്ക് റോസ് ചെമ്പരത്തിയോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി.

ആ സൗഹൃദം അങ്ങനെ വളർന്നു. റോഡിൻ്റെ രണ്ടറ്റങ്ങളിൽ നിന്നും പുലർക്കാലത്തേയും പാതിരാവിനെയും കൊതിപ്പിക്കും വിധം അവരുടെ വർത്തമാനങ്ങൾ പുതിയ മാനങ്ങൾ തേടി. രാത്രികാലങ്ങളിലെ മഴയിൽ ഇലകൾക്കിടയിൽ തണുത്ത് വിറച്ച് അവർ പരസ്പരം നോക്കിയിരുന്നു.

ആ ഇടവഴിയിലൂടെ പോയിരുന്ന ഓരോരുത്തരെയായി ചുവന്ന ചെമ്പരത്തി റോസ് ചെമ്പരത്തിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. രാവിലെത്തന്നെ കൈക്കോട്ടുമെടുത്ത് കൃഷിക്കിറങ്ങുന്ന  ശ്രീധരനും പാലുവാങ്ങാൻ ജോമോൻ്റെ സൊസൈറ്റിയിലേക്ക് നടക്കുന്ന അമ്മിണിയമ്മയും, ടൗണിൽ ജോലി ചെയ്യുന്ന  സുലോചനയും, സ്ക്കൂളിൽ പോയിക്കൊണ്ടിരിക്കുന്ന കുട്ടികളും, സ്ക്കൂൾ വിട്ട് ഓട്ടമത്സരം സ്ഥിരമാക്കിയ അഭിലാഷും അവൻ്റെ അനിയത്തി അനുജയും ഇടയ്ക്കിടെ തന്നെക്കാൾ വലിയൊരു സൈക്കിളും കൊണ്ട് അതുവഴി സ്ഥിരമായി പോയിക്കൊണ്ടിരുന്ന  ശ്രീക്കുട്ടനുമെല്ലാം പതിയെ  പതിയെ അവരുടെ പരിചയക്കാരായി. അവർക്കിടയിലെ സംഭാഷങ്ങൾ വീണ്ടും ചർച്ച ചെയ്ത് അവർ രണ്ടുപേരും ആ നാട് തങ്ങളുടേതുകൂടെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

അതുവഴി പോയിരുന്ന പലരും പക്ഷെ, റോസിനെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. ചുവന്ന ചെമ്പരത്തിക്ക് കേൾക്കാൻ പറ്റാത്ത പലതും റോസ് കേൾക്കുകയും അതെല്ലാം അവൾ തൻ്റെ സുഹൃത്തിനോട് പങ്കുവെയ്ക്കുകയും  ചെയ്‌തു. റോസിനെ നോക്കി അവരെല്ലാം പറയുന്ന കോംപ്ലിമെന്റുകൾ കേൾക്കുമ്പോൾ മാത്രം ചുവന്ന ചെമ്പരത്തിക്ക് ചെറിയ സങ്കടമൊക്ക തോന്നി എന്നാലും റോസാണ് തൻ്റെ നല്ല സുഹൃത്തെന്ന് ആ ചുരുങ്ങിയ കാലങ്ങൾ കൊണ്ടുതന്നെ അവൾ മനസ്സിലാക്കി.

അന്ന് വൈകുന്നേരം നേരത്തെത്തന്നെ  ഇരുട്ട് ആ വഴിയേ മൂടി. ചെറിയൊരു മഴക്കാറുണ്ടായിരുന്നു. പക്ഷെ മഴ പെയ്‌തില്ല. ഇരുട്ട് അതിൻ്റെ ഗാഢ നിദ്രയിലേക്ക് എല്ലാവരെയും ക്ഷണിച്ചു. പതിവിലും നേരത്തെ ജോസഫേട്ടൻ്റെ വീട്ടിലെ വെളിച്ചവും അണഞ്ഞു.  വയലിലൂടെ കറങ്ങി വൈകി വന്നൊരു കാറ്റ് ഗാഢ നിദ്രയിലായിരുന്ന ചുവന്ന ചെമ്പരത്തിയെ ഉണർത്തി.  കാറ്റിന് എന്താണ് ഇതുവരെ പരിചയമില്ലാത്ത  ഒരു ഗന്ധം. അവൾ എഴുന്നേറ്റ് ചുറ്റും നോക്കി. സമയം ഒരുപാട് വൈകിയിരിക്കുന്നു. റോസ് നല്ല ഉറക്കത്തിലാണ്. പക്ഷെ, ശങ്കരൻ്റെ വീട്ടിൽ നിന്നും ഒരു ബഹളം കേൾക്കുന്നുണ്ട്. എന്താണ് സംഭവം. ചെമ്പരത്തി ചെവി കൂർപ്പിച്ചു.

എന്താണ് മനുഷ്യാ നിങ്ങളീ കാണിച്ചത്? സരസമ്മയുടെ ശബ്ദമാണ്

എടീ ഒന്ന് പതുക്കെ സംസാരിക്കെടീ

ശങ്കരൻ സരസമ്മയുടെ ബഹളത്തെ മൂടിവെയ്ക്കാൻ ശ്രമിക്കുന്നു.

നിങ്ങൾക്കറിയോ, ഈ നാട്ടില് ഞാനെങ്ങനെയാണ് ജീവിച്ച് പോണതെന്ന്. ഇത്രയും കാലമായിട്ടും ഇത്ര ബുദ്ധിമുട്ട് വന്നിറ്റും ഒരാളെപ്പോലെയും ഇന്നേവരെ പറ്റിച്ചിട്ടില്ല. ഒരു നെന്മണി പോലും ഇന്നേവരെ മോഷ്ടിച്ചിട്ടില്ല. എന്നിട്ടാണ് നിങ്ങളീ കടുംകൈ ചെയ്‌തത്‌.

എടീ, നീ ഈ പറയുന്നതുപോലെ ഒന്നൂല്ലാ, ഞാൻ കുറച്ചേ പറിച്ചുള്ളൂ.

നിനക്കറിയാലോ, എത്ര ദിവസമായി നമ്മൾ എന്തേലും കഴിച്ചിട്ട്. ആ കാച്ചിലും കൂടെ തീർന്നപ്പോ നമ്മള് ശെരിക്കും പട്ടിണിയായില്ലേ. ഒരു നുള്ള് അരിയുണ്ടോ ഇവിടെ ?

അതിന് നിങ്ങള് പണിക്ക് പോണം. എന്നാലേ ഈ അടുപ്പ് കത്തുള്ളൂ.

പണി ഇല്ലാഞ്ഞിട്ടാണെടീ, എനിക്ക് മാത്രല്ല, ആർക്കും ഇപ്പൊ പണിയില്ല. നെനക്ക് അറിയോ ഈ വീടും അഞ്ചു സെന്റും അല്ലാതെ വേറെന്താണ് നമുക്കുള്ളത്.

എന്നാലും നിങ്ങളിങ്ങനെ ഒന്നും ചെയ്യേണ്ടിയിരുന്നില്ല.

ആ ശ്രീധരൻ ഇത് അറിയാനൊന്നും പോകുന്നില്ല. അവൻ അവൻ്റെ വയലില് ഇഷ്ടംപോലെ കൃഷി ചെയ്തിട്ടുണ്ട്. അതീന്ന് തൽക്കാലം നമുക്ക് വേണ്ടത് മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ. വയലിൽ കൂടെ പോയപ്പോ എനിക്ക് എടുക്കാൻ തോന്നി, ഞാൻ എടുത്ത്, അത്ര തന്നെ.

ഒന്ന് ചോദിച്ചിരുന്നെങ്കിൽ അവർ തരില്ലായിരുന്നോ?

ഓ, അതെനിക്ക് കുറച്ചിലാ.

ഈ മനുഷ്യൻ്റെ കൂടിയാണല്ലോ ദേവിയെ ഞാൻ ഇത്രയും കാലം ജീവിച്ചത്. ഇതൊക്ക ആരേലും അറിഞ്ഞാൽ ഞാൻ ചത്താളും.

ചുവന്ന ചെമ്പരത്തിക്ക് കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത കിട്ടി. താനീ കേട്ടിരിക്കുന്ന കാര്യം എത്രയും പെട്ടെന്ന് റോസിനോട് പറയണമെന്ന് ചെമ്പരത്തിക്ക്  തോന്നി. പക്ഷെ, റോസ് നല്ല ഉറക്കത്തിലാണ്. ഇതൊക്കെ കേട്ടിട്ട് തനിക്ക് ഉറങ്ങാനും പറ്റുന്നില്ല. എന്ത് ചെയ്യും. റോസ് ഒന്ന് കണ്ണുതുറന്നെങ്കിലെന്ന് ആഗ്രഹിച്ച് അവളെ നോക്കി കുറെ നേരം കിടന്നു. അവളെപ്പഴോ ഒന്നുറങ്ങിപ്പോയി.

ശൂ... ശൂ... റോസിൻ്റെ ശബ്ദം കേട്ടാണ് ചെമ്പരത്തി കണ്ണുതുറന്നത്.

എന്ത് പറ്റി, കുറെ സമയമായല്ലോ ഉറങ്ങുന്നു.

ചുവന്ന ചെമ്പരത്തി ചുറ്റും നോക്കി, അതെ, സമയം വളരെ വൈകിയിരിക്കുന്നു. ഇടവഴിയിൽ വെയിൽ ശക്തിയോടെ വീണു കിടക്കുന്നു.

അവൾ താൻ രാത്രി കേട്ട കാര്യങ്ങളെല്ലാം വ്യക്തതയോടെത്തന്നെ റോസിന് മുൻപിൽ അവതരിപ്പിച്ചു. റോസ് എല്ലാം കേട്ട ശേഷം ആശ്ചര്യപ്പെട്ടു.

ഇതെത്രയും പെട്ടെന്ന് ശ്രീധരൻ ചേട്ടനെ അറിയിക്കണം. എത്ര ദിവസങ്ങൾ കഷ്ടപ്പെട്ടാണ് അയാൾ ആ കൃഷിയെല്ലാം ഉണ്ടാക്കിയെടുത്തത്. വയലിൽ ഇത്ര നാളും തൻ്റെ കൺവെട്ടത്തിൽ വിളഞ്ഞിരുന്നത് ആരോ മോഷ്ടിച്ചു എന്നറിഞ്ഞാൽ ആ മനുഷ്യൻ്റെ ഹൃദയം തകർന്നു പോകില്ലേ.

ശ്രീധരൻ ചേട്ടൻ വരുമ്പോൾ എനിക്കിതെല്ലാം പറയണം. റോസ് പറഞ്ഞു.

റോസിന് നല്ല സങ്കടമുണ്ടെന്ന് ചുവന്ന ചെമ്പരത്തിക്ക് മനസ്സിലായി. അതിന് കാരണവുമുണ്ട്. ആ വഴിയിലൂടെ കടന്നുപോകുന്നവരിൽ ശ്രീധരൻ ചേട്ടന് റോസിനോട് ഒരു പ്രത്യേക സ്നേഹമുണ്ട്. അത് പോലൊരു ചെമ്പരത്തി ചെടി അയാൾ തൻ്റെ വീട്ടിലും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിതുവരെ മൊട്ടിട്ടില്ല.

അല്ലേലും പണക്കാരുടെ വീട്ടിലേ ഇതൊക്ക വിരിയൂ.

 ആദ്യം റോസിനെ കണ്ടപ്പോൾ ശ്രീധരൻ ചേട്ടൻ  സങ്കടത്തോടെ പറഞ്ഞത് ഇങ്ങനെയായിരുന്നു. പക്ഷെ, പിന്നീട് കാണുമ്പോഴൊക്കെ അയാൾ തൻ്റെ വിയർപ്പ് വിളയുന്ന കൈ ഉയർത്തി റോസിനെ താലോലിച്ചു. തനിക്ക് പിറക്കാതെ പോയ മകളെ ആലോചിച്ച് സങ്കടപ്പെടുന്നപോലെ അയാൾ നെടുവീർപ്പിട്ടു.

ശ്രീധരൻ ചേട്ടൻ അന്ന് വളരെ വൈകിയാണ് ആ വഴിയിലൂടെ വന്നത്. അയാൾ വരുന്ന ഭാഗത്തേക്ക് മുഖം തിരിച്ച് റോസ് നിന്നു. ദൂരെ നിന്നും മുണ്ട് മാത്രം ധരിച്ച് കഴുത്തിലൊരു തോർത്തും ചുറ്റി ഒരു മെലിഞ്ഞ  ശരീരം കാണാനായി. അയാളുടെ തോളിൽ സദാസമയവും വിശ്രമിക്കുന്ന ഒരു കൈക്കോട്ടും ഉണ്ടായിരുന്നു. ആ സമയം ശ്രീധരേട്ടനെ പിന്നിലാക്കിക്കൊണ്ട്  ഒരു സൈക്കിൾ ബെൽ കേട്ടു. അത് ശ്രീക്കുട്ടനാണ്. അമ്മിണിയമ്മയുടെ കൊച്ചുമോൻ. അമ്മിണിയമ്മയുടെ മകൾ ഭർത്താവുമായി പിണങ്ങിയിട്ട് ഇപ്പോൾ വർഷം രണ്ടു കഴിഞ്ഞു. അവരിപ്പോൾ ഭർത്താവിനോട് പിരിഞ്ഞ് അമ്മിണിയമ്മയോടൊപ്പമാണ് താമസം. അതുകൊണ്ട് തന്നെ ശ്രീക്കുട്ടനെയും ഇവിടുത്തെ സ്ക്കൂളിൽ ചേർത്തു.

റോഡിലേക്ക് താഴ്ന്നു നിന്ന ചെമ്പരത്തിച്ചെടിയുടെ മുൻപിൽ അവൻ സൈക്കിൾ നിർത്തി. സൈക്കിളിൽ നിന്നും ഏന്തി വലിഞ്ഞു നിന്നുകൊണ്ട് കയ്യെത്തിപ്പിടിച്ച് അവൻ റോസിനെ തൊട്ടു. നിമിഷനേരം കൊണ്ട് റോസ് അവൻ്റെ കൈക്കുള്ളിൽ ഞെരുങ്ങി. റോസിനെ അവളുടെ ശിഖരത്തിൽ നിന്നും പറിച്ചെടുത്ത് അവളുടെ തണ്ടിനോട് ചേർന്നിരുന്ന ഭാഗം കടിച്ചെടുത്തുകളഞ്ഞ് ശ്രീക്കുട്ടൻ അവളെ നഗ്നയാക്കി. പിന്നെ ചുണ്ടോട് ചേർത്ത് അവളുടെ ഉള്ളിലുള്ള തേൻ വലിച്ചു കുടിച്ചു. അതേ ധൃതിയിൽ അവളെ ആ മൺപാതയുടെ നടുവിൽ ഉപേക്ഷിച്ചു. സൈക്കിൾ ബെൽ വീണ്ടും രണ്ടു തവണ ശബ്‌ദിപ്പിച്ചുകൊണ്ട് ശ്രീക്കുട്ടൻ അവിടെ നിന്നും മറഞ്ഞു. ചുവന്ന ചെമ്പരത്തി അപ്പോഴാണ് ഞെട്ടലിൽ നിന്ന് സ്വബോധത്തിലേക്ക് തിരിച്ചുവന്നത്. എന്തൊക്കെയാണ് ഞൊടിയിടയിൽ സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അവൾക്ക് സമയം വേണ്ടി വന്നു.

നടപ്പാതയുടെ ഒത്ത നടുക്ക് വീണ് കിടക്കുന്ന റോസിനെ ചുവന്ന ചെമ്പരത്തി സങ്കടത്തോടെ നോക്കി. പെട്ടെന്ന് അവളുടെ സുന്ദരമായ ശരീരത്തിൽ ചെരിപ്പിടാത്ത മെലിഞ്ഞ രണ്ടു കാലുകൾ പതിച്ചു. റോസ് അയാളോട് പറയാൻ ബാക്കി വെച്ച രഹസ്യം അയാൾ തന്നെ അവളോടൊപ്പം മണ്ണോട് ചേർത്തു.

 


 

 


Comments