കൃഷ്ണന്റെ ചിരി കാണാൻ പ്രത്യേക ഭംഗിയാണ്. ഇരു നിറം, മുള്ളുപോലുള്ള അവന്റെ മുടികൾ എപ്പോഴും ഒരു വശത്തേക്ക് ഒതുക്കി വാർന്നു വെച്ചിട്ടുണ്ടാകും. അമ്മയുടെ ആ പരീക്ഷണത്തോട് ഒട്ടും താൽപര്യമില്ലാത്ത മൂന്നു നാലു മുടികൾ അതിനെതിരെ പ്രതിഷേധമെന്നോണം നേരെ മുകളിലേക്ക് തെറിച്ച് നിൽക്കും. ഇതാണ് എന്റെ കൃഷ്ണൻ. ഞാനും അവനും അഞ്ചാം ക്ളാസ്സിലാണ്. സ്ക്കൂളിന് തൊട്ടടുത്താണ് അവന്റെ വീട്. സ്ക്കൂളിൽ ബെല്ലടിക്കുന്ന ശബ്ദവും ഈശ്വര പ്രാർത്ഥനയുമെല്ലാം അവന്റെ വീട്ടിൽ നന്നായി കേൾക്കാം.
അവന്റെ വീടെന്ന് ഞാൻ വിശേഷിപ്പിച്ചെങ്കിലും അതൊരു ലോഡ്ജ് ആയിരുന്നു. മൂന്നോ നാലോ കുടുംബങ്ങൾ താമസിക്കുന്ന ഓട് മേഞ്ഞ നീണ്ട ഒരു സമുച്ചയം. അതിന്റെ ഇടത്തേയറ്റത്താണ് കൃഷ്ണനും അവന്റെ അച്ഛനും അമ്മയും ചേച്ചിയും ഒരു പൂച്ചയും താമസിക്കുന്നത്. സ്ക്കൂളിനടുത്താണെങ്കിലും ഞാൻ അവന്റെ വീടിന് മുൻപിലെത്തിക്കഴിഞ്ഞേ അവൻ സ്ക്കൂളിലേക്ക് ഇറങ്ങുകയുള്ളൂ. വീടിന്റെ മുൻപിലെ ഗ്രിൽസിൽ നിറയെ കറുത്ത റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചുമന്ന കർട്ടൻ തൂക്കിയിട്ടിട്ടുണ്ട്. ഇടയ്‌ക്കൊക്കെ കൃഷ്ണൻ അകത്തുണ്ടോയെന്ന് ആ കർട്ടൻ നീക്കിയാണ് ഞാൻ ഉറപ്പുവരുത്താറ്. അപ്പോൾ അവന്റെ വീട്ടിലെ പൂച്ച ഗ്രിൽസിനുള്ളിൽ നിന്നും നൂണ്ട് നിവർന്ന് പുറത്തേക്ക് വരും. വന്നിരിക്കുന്ന ഈ മാന്യനെ മൈൻഡ് ചെയ്യാതെ പുള്ളി എങ്ങോട്ടോ പോകും. പലതവണകളായി ഇതാവർത്തിച്ചപ്പോൾ ഞാൻ ഉറപ്പിച്ചു ഈ പൂച്ചയും ഇവിടത്തെ താമസക്കാരനാണെന്ന്.
കൃഷ്ണൻ അവിടെയുണ്ടെങ്കിൽ എന്നെ കാണുന്നതിന് മുൻപേ അവന്റെ മുഖത്തെ ചിരി ഞാനാണ് വന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവും.
ബെല്ലടിച്ചു....
എന്താടാ വൈകിയേ?
കൃഷ്ണൻ എന്റെ കൈപിടിച്ച് സ്ക്കൂളിന്റെ മുൻപിലെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ചോദിച്ചു.
ഒന്നൂല്ല, ഞാൻ പറഞ്ഞത് അവൻ കേട്ടില്ല. അവസാനത്തെ ബെല്ലിന്റെ ശബ്ദം ചെവിയിൽ ഉണ്ടാക്കിയ മുഴക്കം അവസാനിക്കും മുൻപേ ഞങ്ങൾ വരാന്തയിലൂടെ ഓടി ക്ലാസ്സിലേക്ക് കയറിയിരുന്നു.
കൃഷ്ണനും ഞാനും അഞ്ചാം ക്ളാസ്സിലെ നാലാം ബെഞ്ചിലായിരുന്നു ഇരുത്തം. എനിക്ക് സുഹൃത്തെന്ന് പറയാൻ ഈ ക്ലാസ്സിൽ ഇപ്പൊ ഇവൻ തന്നെയേ ഉള്ളൂ. ഞങ്ങളുടെ സൗഹൃദത്തിന് പിന്നിലും ഒരു കഥയുണ്ട്. ആ കഥയും ഞാൻ പറയാം.
അഞ്ചാം ക്ലാസ്സിലേക്കാണ് ഈ സ്ക്കൂളിലേക്ക് ഞാൻ എത്തുന്നത്. അതുവരെ പഠിച്ച സ്ക്കൂൾ വിട്ട് പുതിയ സ്ക്കൂളിലെത്തിയപ്പോൾ മുതൽ ഒരു വലിയ അപരിചിതത്വം എന്നെ പിടികൂടിയിരുന്നു. സ്‌ക്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടേ ഉള്ളൂ. അന്ന് മഴ നിർത്താതെ പെയ്യുന്നുണ്ട്. ബെല്ലിന്റെ ശബ്ദത്തിനൊപ്പം നനഞ്ഞ മുടികളെ കൈവിരലുകൾ കൊണ്ട് മുകളിലേക്ക് ഉയർത്തിവെച്ച് ഞാൻ സ്കൂൾ വരാന്തയിലേക്ക് ചാടിക്കയറി. മഴകൊള്ളാതിരിക്കാനായി നെഞ്ചോട് ചേർത്തുവെച്ച ബാഗുമായി ക്ലാസ്സിലെത്തിയ ഞാൻ വളരെ സുപ്രധാനമായ ഒരു കാര്യം മറന്നു പോയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ക്ളാസ്സ് കഴിഞ്ഞ് പോകും മുൻപ് ഗീത ടീച്ചർ വീണ്ടും വീണ്ടും ഓർമിപ്പിച്ച സ്റ്റാമ്പ് കളക്ഷൻ ബുക്കിന്റെ കാര്യം.
"എല്ലാവരും പുസ്തകം എടുത്ത് വെച്ചേ", ടീച്ചറുടെ ആ ശബ്ദം നെഞ്ചിലൊരു ആന്തലുണ്ടാക്കി.
ഞാൻ ബാഗിൽ നിന്നും ബുക്ക് എടുത്ത് വെറുതെ മറിച്ചു.
തലതാഴ്ത്തി ബുക്കിന്റെ ഒഴിഞ്ഞ തൂവെള്ള താളുകളിലേക്ക് നോക്കി. ബുക്കിലേക്ക് വീഴാൻ കൊതിച്ച ഒരു കണ്ണുനീർത്തുള്ളി ആ ഒഴിഞ്ഞ താളുകളുടെ അനന്തമായ ശൂന്യതയിലേക്ക് പതിച്ചു.
"എടാ നിനക്കിത് വേണോ :?"
കൃഷ്ണൻ അവന്റെ വലത്തേ ചുമലുകൊണ്ട് എന്റെ ചുമലിൽ തിരുമ്മിയിട്ട് ചോദിച്ചു. ഞാൻ അവന്റെ കൈകളിലേക്ക് നോക്കി. കലങ്ങിയ കണ്ണ് തുടച്ച് പല നിറത്തിലുളള സ്റ്റാമ്പുകളിൽ ആരുടെയൊക്കെ മുഖങ്ങളുണ്ടായിരുന്നെന്ന് ഞാൻ കണ്ടില്ല. കണ്ടത് കൃഷ്ണന്റെ ചിരി മാത്രമായിരുന്നു. ടീച്ചർ അടുത്തെത്തുന്നതിനുമുൻപ് ഒഴിഞ്ഞ പേജുകളിൽ ഒരു ഡസനോളം വന്ന സ്റ്റാമ്പുകൾ ബാക്കിയായ കണ്ണുനീര് ചേർത്ത് ഞാൻ ഒട്ടിച്ചു. ആ സ്റ്റാമ്പുകളോടൊപ്പം അന്ന് ഹൃദയത്തിൽ ഒട്ടിച്ചേർന്ന ഒരേയൊരു സുഹൃത്തുകൂടെയായിരുന്നു കൃഷ്ണൻ.
പിന്നീട് എന്റെ കളക്ഷൻ ബുക്കുകൾ, സ്റ്റാമ്പുകളും ഇലകളും കൊണ്ട് നിറച്ചിരുന്നത് അവനായിരുന്നു. ഇനി തൂവൽ കളക്ട് ചെയ്യാനുള്ള ഒരു ബുക്ക് കൂടിയേ എനിക്ക് ബാക്കിയുള്ളൂ. അതിലും എന്റെ പ്രതീക്ഷ കൃഷ്ണൻ തന്നെയായിരുന്നു.
ബെല്ലടിച്ചു.
ഞാനും കൃഷ്‌ണനും വരാന്തയിൽ പാത്രവുമായി ഉച്ചയൂണിനുവേണ്ടി ചമ്രം പടിഞ്ഞിരുന്നു.
കഞ്ഞിയുടെ കൂടെ കടല വിളമ്പുന്നത് കണ്ടതും കൃഷ്‌ണൻ എന്നെ ഇടം കണ്ണിട്ട് നോക്കി ചിരിച്ചു. അധിക ദിവസവും കഞ്ഞിയുടെ കൂടെ പയറായിരിക്കും. കടല കിട്ടിയാൽ അന്നത് ഭയങ്കര സന്തോഷമാണ്. കടല കൂടുതൽ കിട്ടാൻ ഞാനും കൃഷ്ണനും മത്സരിക്കും. കഞ്ഞി കുടി കഴിഞ്ഞ് മിച്ചം വെയ്ക്കുന്ന കടല സ്ക്കൂളിന് പിന്നിലെ പൈപ്പിനടിയിൽ നിന്നും കഴുകിയെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ട് കഴിച്ച് നടക്കും. പോക്കറ്റിൽ കറയാകുന്ന കാരണത്താൽ ഉമ്മയുടെയടുത്ത് നിന്ന് തല്ല് കിട്ടാൻ ഈ കടല പ്രേമം എന്നും ഒരു കാരണമാകാറുണ്ട്.
അന്നും കിട്ടി ഇഷ്ടംപോലെ.
കൃഷ്ണന്റെ വീട് പോലെത്തന്നെ ഞാനും എന്റെ ഉമ്മയും ഉപ്പയും കുഞ്ഞുപെങ്ങളും താമസിച്ചിരുന്നതും സ്ക്കൂളിനടുത്തുനിന്നും ഒരു കിലോമീറ്റർ ദൂരെയുള്ള ഓട് മേഞ്ഞ പഴയൊരു ലോഡ്‌ജിലായിരുന്നു. ഞങ്ങളുടെ റൂമിന്റെ തൊട്ടടുത്ത് തന്നെയാണ് എന്റെ സ്ക്കൂളിൽ ആറാം ക്ളാസിൽ പഠിക്കുന്ന അനുജയും ഏഴിൽ പഠിക്കുന്ന അവളുടെ ജ്യേഷ്ഠൻ അഭിലാഷേട്ടനും താമസിച്ചിരുന്നത്. അഭിലാഷേട്ടന് നല്ല പൊക്കമുണ്ട്. ഞാനും കൃഷ്ണനും ആ പൊക്കത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചിട്ടുണ്ട്. സ്കൂളിലെത്തിയാൽ അവിടത്തെ വല്ല്യേട്ടനാണ് അഭിലാഷേട്ടൻ. ഞാനും അഭിലാഷേട്ടനും അയൽവാസികളായതുകൊണ്ടുതന്നെ അഭിലാഷേട്ടൻ പല കാര്യത്തിനും എനിക്ക് ഹെൽപ് ചെയ്യാറുമുണ്ട്.
അതുകൊണ്ടല്ല, പക്ഷെ, ഈ കഥ അഭിലാഷേട്ടന്റേതുകൂടെയാണ്. അത് വഴിയേ നിങ്ങൾക്ക് മനസ്സിലാകും.
ഇന്ന് സ്ക്കൂളിൽ ആർട്ട്സ് ഫെസ്റ്റിവലാണ്.
എല്ലാവരും കളർ ഫുൾ ഡ്രസ്സിലാണ്. ഞാനും കൃഷ്ണനും പ്രത്യേകിച്ച് പരിപാടികളിലൊന്നും പങ്കെടുക്കാതെ ആസ്വാദന കല കൊണ്ട് മാത്രം നടക്കുകയാണ്. സ്റ്റേജിൽ ഇപ്പോൾ നടക്കുന്നത് സ്ക്കൂൾ ഹീറോ അരുൺ ഘോഷിന്റെ ഫ്യൂഷൻ ഡാൻസാണ്. അപ്പോൾ അരുൺ ഘോഷിനെ കൂടെ പരിചയപ്പെടുത്തണമല്ലോ. സ്ക്കൂളിൽ എനിക്കും കൃഷ്ണനും ഒരു ബദ്ധ ശത്രു കൂടെയുണ്ട്. അരുൺ ഘോഷ്. ഞങ്ങളും അവനും തമ്മിൽ യഥാർത്ഥത്തിൽ ഒരു പ്രശ്നവും ഇല്ലെങ്കിലും ഞങ്ങളുടെ ആസ്ഥാന ശത്രുവായി അവനെ പ്രഖ്യാപിക്കാൻ കാരണം അവൻ എപ്പോഴും പെൺകുട്ടികൾക്കിടയിലെ സ്റ്റാറാണ് എന്നത് തന്നെയാണ്. അവന്റെ ലീലാവിലാസങ്ങൾ ഞങ്ങൾക്ക് ദഹിക്കുന്നതിലും അപ്പുറമായിരുന്നു. കൃഷ്ണന്റെ വേഷം കെട്ടി സ്ക്കൂളിലെ സുന്ദരികളോടൊപ്പം ഡാൻസ് കളിച്ച് ആനിവേഴ്‌സറിക്ക് അവൻ മേടിച്ചുകൂട്ടുന്ന കയ്യടി ഇതുവരെ ആർക്കും കിട്ടാത്തതായിരുന്നു. ശെരിക്കും എന്റെ കൂടെയുള്ളതാണോ കൃഷ്ണൻ അതോ അരുൺ ഘോഷ് ആണോ ശെരിക്കുള്ള കൃഷ്ണൻ എന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് ആലോചിക്കും. ഇങ്ങനെയൊക്കെയുള്ള ഒരാളുടെ കാര്യത്തിൽ അസൂയപ്പെട്ടാൽ അതിൽ എന്താണിത്ര തെറ്റ്?. അരുൺഘോഷിന്റെ ഫ്യൂഷൻ ഡാൻസ് സദസ്സിനെ മൊത്തം കയ്യിലെടുത്തപ്പോൾ നമുക്ക് അവനെ പഠിച്ച് തോൽപ്പിക്കാം എന്നും പറഞ്ഞ് കൃഷ്ണൻ എന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു.
"എന്താടാ ഇവിടെ ? "
ഇരുട്ടത്ത് ശൂന്യതയിലേക്ക് മൂത്രമൊഴിക്കുന്ന എന്റെയും കൃഷ്ണന്റെയും ഇടയിൽ വന്നു നിന്ന് അഭിലാഷേട്ടന്റെ ചോദ്യം.
ഒന്നുമില്ല അഭിലാഷേട്ടാ.
ഞങ്ങൾ ഒന്നും മിണ്ടാതെ വന്ന കാര്യം പൂർത്തിയാക്കി.
"എടാ.".
തിരിച്ച് നടക്കുമ്പോൾ അഭിലാഷേട്ടൻ വിളിച്ചു. അഭിലാഷേട്ടന് ഞങ്ങളോടെന്തോ ചോദിക്കാനുണ്ട്. ആദ്യമായിട്ടാണ് അഭിലാഷേട്ടൻ ഇങ്ങനെ പരുങ്ങുന്നത് കാണുന്നത്.
എടാ നിങ്ങൾക്കവനെ തീരെ ഇഷ്ടമില്ലല്ലേ ? ,
ആരെ?
ആ അരുൺഘോഷിനെ, അവൻ കുറച്ച് ഓവറല്ലേ,
ആണ് ചേട്ടാ കുറച്ച് കൂടുതലാ. അത് പറഞ്ഞത് കൃഷ്ണനായിരുന്നു.
നിങ്ങളെനിക്കൊരു സഹായം ചെയ്യണം.
ഞാനും കൃഷ്ണനും പരസ്പരം നോക്കി.
അവന്റെ കൂടെ ഡാൻസ് കളിച്ച ആ അഞ്ചു നിങ്ങളുടെ ക്ലാസ്സിലല്ലേ. എനിക്ക് അവര് തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്നറിഞ്ഞാൽ മതി. പക്ഷെ നമ്മളീ പറഞ്ഞ കാര്യം വേറെയാരും അറിയരുത്.
എന്തുണ്ടാവാൻ? ഞാൻ നിഷ്കളങ്കതയോടെ ചോദ്യം ഉന്നയിച്ചു.
അല്ല, അവൾക്ക് അവനോടോ, അവന് അവളോടോ എന്തെങ്കിലും ഉണ്ടോ എന്നൊന്നറിയാൻ
അഭിലാഷേട്ടൻ ലൈറ്റായി ഒന്ന് വിശദീകരിച്ചു.
ഇനി അവര് തമ്മിൽ ഒന്നും ഇല്ലെങ്കിലോ ?.
ആ ചോദ്യം കേട്ടപ്പോൾ കൃഷ്ണൻ എന്നെ നോക്കി കണ്ണിറുക്കി.
അഭിലാഷേട്ടൻ പെട്ടെന്ന് ഒരു കാമുകനാകുന്ന പോലെ തോന്നി, തന്റെ നീണ്ട കൈകൾ കൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു മയിൽപീലി എടുത്ത് എനിക്ക് നേരെ നീട്ടി.
ഇതവൾക്ക് കൊടുക്കണം. അപൂർവമായി മാത്രം കാണുന്ന വെള്ള മയിലിന്റെ പീലിയാണ്. ഇതവൾക്കിഷ്ടമാകും.
ഞാൻ അഭിലാഷേട്ടന്റെ കയ്യിലെ മയിൽ പീലിയിലേക്ക് നോക്കി. എന്റെ കണ്ണുകൾ വിരിഞ്ഞു എനിക്ക് ചുറ്റും അഭിലാഷേട്ടൻ പ്രേമത്താൽ പീലിവിടർത്തിയാടി.
അഭിലാഷേട്ടന്റെ ദൗത്യം ഏറ്റെടുത്തതിൽ പിന്നെ ഞാനും കൃഷ്ണനും ഇതുവരെയില്ലാത്ത ചില പ്രീപറേഷനുകളിലാണ്. അഞ്ചുവിന്റെയടുത്ത് ഇതെല്ലാം ഒന്നവതരിപ്പിക്കണം, കൃഷ്ണന്റെ ആത്മാർത്ഥത കുറച്ച് കൂടുതലാകും എന്നറിയാവുന്നത് കൊണ്ടുതന്നെ ഞാൻ അവനോട് കാര്യം അവതരിപ്പിച്ചു.
എടാ എനിക്ക് ചെറിയൊരു സഹായം വേണം. എനിക്ക് ഇപ്പൊ അടിച്ചിരിക്കുന്നത് ഒരു വലിയ കോളാണ്. എല്ലാ പ്രാവശ്യവും കളക്ഷൻ ബുക്ക് സെറ്റ് ചെയ്യുന്ന കാര്യത്തിൽ ഞാൻ പിന്നിലാണ്. അതിന് ഇടയ്ക്ക് നല്ല ചീത്ത ഗീത ടീച്ചറുടെ കയ്യിൽ നിന്ന് വാങ്ങാറുമുണ്ട്. ആ ചീത്തപ്പേര് ഈയൊരു മയിൽപീലിയിലൂടെ ഉറപ്പായും മാറും.
പക്ഷേ...
അവന്റെ പക്ഷെ നീളുന്നതിന് മുൻപ് ഞാൻ പരിഹാരവും അവതരിപ്പിച്ചു.
പകരം നമുക്ക് അഞ്ചുവിന് ഒരു സാധാ മയിൽപീലി കൊടുക്കാം, അത് സംഘടിപ്പിക്കുന്ന കാര്യം നിനക്ക് ഈസിയാണല്ലോ,
അതും ഞാൻ കൃഷ്ണന്റെ തലയിൽ വെച്ചുകെട്ടി. കൃഷ്ണൻ ഒന്ന് മൂളി.
എന്നാലും...
കൃഷ്ണൻ ഓവറാക്കുന്നതിന് മുൻപ് ഞാൻ ഇടപെട്ട് അവന്റെ തോളിൽ കയ്യിട്ട് സമ്മതിപ്പിച്ചു.
പിറ്റേ ദിവസം കൃഷ്ണൻ അവന്റെ ചേച്ചിയുടെ ബുക്കിൽ നിന്നും ഒളിപ്പിച്ച് കടത്തിയ മയിൽ പീലിയുമായി ഞങ്ങൾ അഞ്ചുവിന്റെയടുത്തെത്തി, പക്ഷെ, സംസാരിച്ച് തുടങ്ങും മുൻപേ അരുൺഘോഷ് അവിടെയെത്തി. അവനെ കണ്ടതും ഞങ്ങൾ നിന്ന് പരുങ്ങി.
എന്താ അത്?
അവന്റെ ചോദ്യം ചെയ്യലായിരുന്നു പിന്നീട്,
അത്, അഞ്ചുവിന്റെ നോട്ട് ബുക്ക് വേണം.
ഇവൻ ലീവ് ആയതുകൊണ്ട് ഇവന് പഠിപ്പിച്ചതൊക്കെ എഴുതിയെടുക്കാനാ, കൃഷ്ണൻ പ്രശ്നം വ്യക്തമാക്കി.
അതിന് നിൻറെ കയ്യിൽ ബുക്ക് ഇല്ലേ?
ഉണ്ട്, പക്ഷെ, എന്റെ എഴുത്ത് ഇവന് മനസ്സിലാവില്ല, എനിക്ക് തന്നെ മനസ്സിലാവില്ല, പിന്നെയാണ്.
കൃഷ്ണൻ പറഞ്ഞത് അരുൺഘോഷ് വിശ്വസിക്കാൻ പ്രയാസം കാണിച്ചെങ്കിലും അഞ്ചു എന്റെ നേരെ പുസ്തകം നീട്ടി.
അങ്ങനെ അഞ്ചുവിന്റെ കാരുണ്യം കൊണ്ട് ആ പ്രശ്നം പരിഹരിച്ചു.
അന്ന്, അഞ്ചുവിന്റെ പുസ്തകത്തിൽ പുതുതായി വിരിഞ്ഞ മയിൽപീലി കണ്ട് അവൾ അത്ഭുതപ്പെട്ടിരിക്കണം. മയിൽപീലിയുടെ താഴെ 'എന്ന് സ്വന്തം അഭിലാഷേട്ടൻ' എന്ന് എന്റെ കൈപ്പടയിൽ കുറിച്ച് ഞാൻ എന്റെ ആത്മാർത്ഥതയും പൂർത്തിയാക്കി.
ക്ലാസിന്റെ മുകളിൽ രണ്ടു മാടപ്രാവുകൾ പുതുതായി കൂടുകൂട്ടിയത് ഞാൻ കണ്ടെത്തി കൃഷ്ണനെ കാണിച്ചുകൊടുത്തു. മറ്റാരും കാണുന്നതിന് മുൻപേ ഞങ്ങൾ കണ്ടെത്തിയ ആ കാര്യം എല്ലാവരെയും അറിയിക്കാനായി കൃഷ്ണൻ പിന്നിലെ ബെഞ്ചിലിരിക്കുന്ന അജീഷിനോട് അവതരിപ്പിച്ചുകൊണ്ടിരുന്നു. ഗീത ടീച്ചറുടെ പെട്ടെന്നുള്ള ഒരു ചോദ്യം അവനെ ആ ദൗത്യത്തിൽ നിന്നും പെട്ടെന്ന് പിന്തിരിപ്പിച്ചു.
ഇതാരുടേതാ ഈ ബുക്ക്!
കളക്ഷൻ ബുക്ക് നോക്കുന്നതിനിടയിൽ ഗീത ടീച്ചർ ഒരു ചെറു ചിരിയോടെ ഉറക്കെ ചോദിച്ചു. കൃഷ്ണൻ എന്നെ നോക്കി. ഞാൻ പതിയെ എഴുന്നേറ്റ് നിന്നു.
എവിടെ നിന്ന് കിട്ടി?,
അത്, ഞാൻ പരുങ്ങി
മലേഷ്യയിലുള്ള എന്റെ കസിൻ തന്നതാ, ഞാൻ പതിയെ പറഞ്ഞു
വെള്ള മയിൽപീലി ഒട്ടിച്ചുചേർത്ത എന്റെ ബുക്കുയർത്തി ടീച്ചർ സന്തോഷത്തോടെ എല്ലാവരെയും കാണിച്ചു.
ആരേലും കണ്ടിട്ടുണ്ടോ വെള്ള മയിലിനെ ?. ഇത് അപൂർവമായി കാണുന്ന മയിലിന്റെ പീലിയാണ്.
'വെരി ഗുഡ്'. ടീച്ചർ എന്നെ നോക്കി പറഞ്ഞു.
ഞാൻ കുറച്ച് സമയത്തേക്ക് ഞെളിഞ്ഞു നിന്ന് എല്ലാവരുടെയും അത്ഭുതത്തോടെയുള്ള നോട്ടം ഏറ്റുവാങ്ങി. കൃഷ്ണന്റെ മുഖത്ത് ഒരു ചിരി വിടർന്നു.
അന്ന് ടീച്ചറെ പോലും അത്ഭുതപ്പെടുത്തിയ മയിൽ പീലി എന്റെ കളക്ഷൻ ബുക്കിൽ നിന്നും എഴുന്നേറ്റ് നൃത്തം വെച്ചു .
പക്ഷെ, സംഗതി കുഴഞ്ഞു.
ഇത് ഞാൻ തിരിച്ച് തരാം കെട്ടോ,
അതും പറഞ്ഞ് ടീച്ചർ ബുക്കുമായി പോയി.
ഞങ്ങളുടെ ക്ലാസ്സും കഴിഞ്ഞ് ടീച്ചർ നേരെ പോയത് അഭിലാഷേട്ടന്റെ ക്ലാസ്സിലേക്കായിരുന്നു.
ഞങ്ങൾ പ്രതീക്ഷിച്ച പോലെത്തന്നെ സംഭവിച്ചു. അഭിലാഷേട്ടനും ഞാനും അന്ന് മുതൽ ശത്രുക്കളായി. എന്നെ കാണുമ്പോഴേക്ക് അഭിലാഷേട്ടന് ദേഷ്യം അരിച്ച് കയറും. ഈ ശത്രുത അനുജയിലേക്കും പടർന്നു. ഞങ്ങൾ പിന്നീട് കാണുന്നിടത്തെല്ലാം മിണ്ടാതായി.
പക്ഷെ, അയൽവാസികളായത് കാരണം അഭിലാഷേട്ടൻ തന്റെ ദേഷ്യം പ്രകടിപ്പിച്ചത് മറ്റൊരു രീതിയിലായിരുന്നു.
എന്നും സ്‌ക്കൂൾ വിടുമ്പോൾ ഒരുമിച്ചായിരുന്നു ഞങ്ങൾ വീട്ടിലേക്ക് പോകാറുണ്ടായിരുന്നത്. പക്ഷെ, അന്നുമുതൽ സ്ക്കൂൾ വിട്ട് പോകുമ്പോൾ അനുജയും അഭിലാഷേട്ടനും മുൻപിൽ പോകും. ഞാൻ പിറകെ വരുന്നത് കണ്ടാൽ അവർ ഓടാൻ തുടങ്ങും. ആ ഓട്ടം എല്ലാ ദിവസവും തുടർന്നു. പതിയെ അതൊരു മത്സരമായി മാറുകയായിരുന്നു.
എന്താ നിന്റെ ആഗ്രഹം?
ഏഴാം ക്ളാസ്സിനു മുൻപിലൂടെ പോകുമ്പോൾ സുഷമ ടീച്ചർ ക്ലാസ്സിലുള്ളവരോട് ചോദിക്കുന്നത് കേട്ട് ആ ചോദ്യം കൃഷ്ണൻ എന്നോടും ആവർത്തിച്ചു.
എനിക്ക് അഭിലാഷേട്ടനെയും അനുജയെയും തോൽപിക്കണം.
കൃഷ്ണൻ എന്നെയൊന്ന് നോക്കി. എല്ലാം സീരിയസ് ആയി എടുക്കുന്ന കൃഷ്ണൻ അതും സീരിയസായി തന്നെയാണ് എടുത്തത്.
ക്രിസ്‌തുമസിന് പത്ത് ദിവസം അവധി കിട്ടിയപ്പോൾ കൃഷ്ണൻ സൈക്കിളുമെടുത്ത് എന്നെ തിരഞ്ഞുവന്നു. ഞങ്ങൾ ഇത്താക്ക് ചേട്ടന്റെ പറമ്പിൽ മാതള നാരങ്ങ മരത്തിന് മുകളിലിരുന്ന് മഞ്ഞ നിറം വന്ന മാതളം തിരഞ്ഞു. പറിച്ചെടുത്ത് താഴേക്കിട്ട്, കല്ല് കൊണ്ടും പിന്നീട് പല്ല് കൊണ്ടും തൊലിയുരിഞ്ഞു. അരിഞ്ഞെടുത്ത അല്ലികൾ ഒരു പാത്രത്തിലിട്ട് മുളക് പൊടിയും ഉപ്പുമിട്ട് നന്നായൊന്ന് കുഴച്ചു. പുളിയും എരിവും ഉപ്പും ചേർത്ത് നാവിൽ കിട്ടിയ സ്വാദിൽ ഞാൻ മതിമറക്കുമ്പോൾ കൃഷ്ണൻ വിഷയം അവതരിപ്പിച്ചു.
"അസ്ഥി രസായനം"
കിടിലൻ സാധനമാണ്. രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മതി കാലുകൾക്ക് അതിശയകരമായ ശക്തി തരും.
ഒരിത്തിരി കയ്പ്പുണ്ടാകും,
അത് പറഞ്ഞു കൊണ്ട് അവൻ മാതള നാരങ്ങയുടെ തൊലി കടിച്ച് തുപ്പി.
പക്ഷേ, ഇത്രയ്‌ക്കൊന്നും ഉണ്ടാകില്ല. ആദ്യം കഴിക്കുമ്പോഴേ ഉണ്ടാകൂ.
കൃഷ്ണന്റെ അപ്പൂപ്പൻ കണ്ടുപിടിച്ച മരുന്നാണ്. സ്ക്കൂൾ അവധിക്ക് തറവാട്ടിൽ പോയി വരുമ്പോൾ ഇങ്ങനെയൊരു ശക്തിമരുന്നുമായി അവൻ വരുമെന്ന് ഞാൻ വിചാരിച്ചതേയില്ല.
എന്തൊരു കയ്പ്പാണ്.
ഞാൻ നാവിൽ വെച്ച് തുപ്പി, ഇതെങ്ങനെ കുടിക്കും. അഭിലാഷേട്ടനെ ഓർത്തു. ഒറ്റ വലി.
ആ വലി സ്കൂൾ തുറക്കുന്നത് വരെ നീണ്ടു.
കൃഷ്ണാ..!
കൃഷണനില്ലേ, കർട്ടൻ നീക്കി ഞാൻ നോക്കി, പൂച്ചയേയും കാണാനില്ലല്ലോ!
സ്ക്കൂളിലേക്ക് നടന്നു, അവൻ എവിടെപ്പോയി. ഇന്ന് എന്റെ വിജയം കാണാൻ കൃഷ്ണനും ഉണ്ടാവണം. അവൻ ഈ മത്സരം ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഇനിയാണ് കാണാൻ പോകുന്നത്. അസ്ഥി രസായനം കുടിച്ചതിൽ പിന്നെ ഒരു കരുത്താണ്. കാലുകൾക്കൊക്ക ബലം കൂടിയത് പോലെ. കൃഷ്ണൻ അന്ന് വന്നില്ല. അന്ന് രാവിലെ സ്ക്കൂളിലെത്തിയ ആവേശമൊന്നും എനിക്കില്ലായിരുന്നു. കാലുകൾക്ക് ഒരു തളർച്ച പോലെ. കൃഷ്ണനിനി ഈ നാടും വീടും എന്നെയുമെല്ലാം വിട്ട് വേറെ വല്ല നാട്ടിലേക്കും പോയിക്കാണുമോ. ഓരോ ആലോചനകളുമായി ബെല്ലടിക്കുന്നതും കാതോർത്ത് ഞാൻ നിന്നു.
ബെല്ലടിച്ചു.
അഭിലാഷേട്ടൻ തൊട്ടുമുൻപിലുണ്ട്. ഞാൻ ശക്തിയെടുത്തു. അതുവരെയുള്ള എല്ലാ ചിന്തകളെയും വകഞ്ഞ് മാറ്റിക്കൊണ്ട് മുന്നോട്ട് കുതിച്ചു. പക്ഷെ, കാലുകൾക്ക് മുന്നോട്ട് കുതിക്കാൻ പറ്റുന്നില്ല ആരോ പിന്നിൽ നിന്നും പിടിച്ച് വലിക്കുന്നത് പോലെ. അഭിലാഷേട്ടൻ എന്നെ കളിയാക്കിക്കൊണ്ട് ഓടുകയാണ്. കാലുകൾ തളരുന്നു. എന്റെ മേലുള്ള പിടിവിടാൻ ഞാൻ അവസാനമായി അതിശക്തമായി ഒന്നുകൂടെ കുതറി.
ഓഹ്.
എന്താടാ, സ്വപ്നം വല്ലതും കണ്ടോ !
വാപ്പിയാണ്, ഞാൻ വിയർത്ത് കുളിച്ചിരിക്കുന്നു.
പനിക്കുന്നുണ്ടല്ലോ..!
വാപ്പി ശരീരത്തിൽ തൊട്ട് നോക്കി,
ഉമ്മയും വാപ്പിയും ഉറങ്ങാതെ എന്റെ അടുത്തിരുന്നു. വിയർത്ത് കുളിച്ച് ഉറക്കത്തിലേക്ക് വീഴുമ്പോൾ തടിച്ച് തളർന്ന ഒരു കൈ ആ കൈകളേക്കാൾ ശക്തിയിൽ ഒരു വിശറിയെ ചലിപ്പിച്ചുകൊണ്ടിരുന്നു.
"മോൻ എന്താ കഴിച്ചിരുന്നത്?”
ഡോക്ടറുടെ ചോദ്യത്തിന് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു.
"അസ്ഥി രസായനം"
എന്ത് ?
അവൻ എന്തോ പിച്ചും പേയും പറയുന്നുണ്ട് ഡോക്ടറേ, ഇന്നലെ തുടങ്ങിയതാ, ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല. ഉമ്മ വേവലാതിയോടെ പറഞ്ഞു.
ഇതിൽ മനസ്സിലാക്കാനെന്തിരിക്കുന്നു. ഞാൻ ഉമ്മയെ നോക്കി
നല്ല പനിയുണ്ട്. മരുന്നെഴുതുന്നുണ്ട്. കുറച്ച് ദിവസത്തേക്ക് സ്ക്കൂളിലൊന്നും വിടണ്ട.
ഒരാഴ്ച്ച പനി പിടിച്ച് കിടന്നു.
തിരിച്ച് സ്ക്കൂളിലെത്തിയപ്പോഴും ക്ഷീണം മാറിയിട്ടില്ല.
സ്‌കൂൾ ബിൽഡിംഗിന് പിന്നിലെ പുൽത്തകിടിയിൽ അപ്പുറത്തെ പറമ്പിൽ നിന്നും വീണുകിടക്കുന്ന തണലിൽ ഉച്ച സമയത്തെ ബ്രേക്കിൽ ഞാനും കൃഷ്ണനും ഇരിപ്പുറപ്പിച്ചു.
അപ്പൂപ്പന് തെറ്റുപറ്റാൻ സാധ്യതയില്ല!
കൃഷ്ണൻ ക്ഷമാപണം നടത്തി.
പക്ഷെ, ഇതൊന്നുമല്ലല്ലോ പ്രശ്നം, അഭിലാഷേട്ടനെ തോൽപ്പിക്കണ്ടേ!
തത്കാലം അതിനി നടക്കുമെന്ന് തോന്നുന്നില്ല. എന്റെ ചിന്ത ഞാൻ പറഞ്ഞു.
കൈകഴുകുന്ന പൈപ്പിന് താഴെ പറന്നിറങ്ങിയ ഒരുകൂട്ടം പ്രാവുകളെ ഞാൻ നോക്കിക്കൊണ്ടിരുന്നു. അതിൽ ഞങ്ങളുടെ ക്ലാസ്സിന് മുകളിൽ കൂടുകൂട്ടിയ പ്രാവുകളുമുണ്ട്. അവർ പൈപ്പിന് ചുറ്റും വീണുകിടക്കുന്ന അരിമണികൾ കൊത്തിയെടുക്കുന്ന തിരക്കിലാണ്.
ഞാൻ പതിയെ എഴുന്നേറ്റതോടെ അവ പറന്നുയർന്ന് സ്ക്കൂൾ ബിൽഡിംഗിന് മുകളിൽ ചെന്നിരുന്നു.
എടാ ഇനി എക്സാമാണ് വരുന്നത്
കുറച്ച് ദിവസം കൂടെയല്ലേ ഉള്ളൂ, എങ്ങോട്ടോ നോക്കിയിരിക്കുന്ന കൃഷ്ണനെ ഞാൻ ഒന്ന് ഉപദേശിച്ചു.
കൃഷ്ണനും ഞാനും ക്ലാസ്സിലേക്ക് നടന്നു. ഞാൻ കൃഷ്ണനെ നോക്കി, അവൻ എന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. കൃഷ്‌ണൻ അത് വിട്ടിട്ടില്ല എന്നെനിക്ക് തോന്നി.
ഇതിനിടയിൽ അരുൺഘോഷും അഞ്ചുവും പരസ്പരം പുസ്തകങ്ങൾ കൈമാറി, ഇടയ്‌ക്കെല്ലാം ആ പുസ്തകങ്ങൾക്കിടയിൽ അരുൺഘോഷിന്റെ ഹൃദയവും വഹിച്ചുകൊണ്ടുള്ള വാക്കുകളുടെ അതിപ്രസരമായിരുന്നു. പുസ്തകം തട്ടിപ്പറിച്ച് വായിച്ച അഞ്ചുവിന്റെ സുഹൃത്ത് സുഹറയുടെ വായിലൂടെ അത് ക്ലാസ്സിലേക്ക് പടർന്നു. അഞ്ചുവിന് ചെറുതായി നാണം വന്നു തുടങ്ങി. അവരുടെ പ്രണയ സല്ലാപങ്ങൾ പ്രകമ്പനം കൊള്ളിച്ച ആ ക്ളാസ്സ്റൂമിന്റെ മട്ടുപ്പാവിൽ രണ്ടു മാടപ്രാവുകൾ മറ്റൊരു പ്രണയ സല്ലാപത്തിലേർപ്പെട്ടു.
കൃഷ്‌ണാ...
നിങ്ങൾക്കെന്നാ പരീക്ഷ തുടങ്ങുന്നത്? എന്റെ വിളിക്ക് മറുപടി വന്നത് കൃഷ്‌ണന്റെ അമ്മയിൽ നിന്നായിരുന്നു.
കൃഷ്‌ണൻ വരുന്നത് വരെ അമ്മയുടെ കുശലാന്വേഷണങ്ങൾ കേട്ട് ഗ്രിൽസിനിടയിലൂടെ ഒരു കൈ അകത്തേക്കിട്ട് ഞാൻ നിന്നു. അവന്റെ അമ്മ തയ്യൽ മെഷീനിൽ ആരുടെയോ ഒരു കുഞ്ഞുടുപ്പ് തയ്ച്ചുകൊണ്ടിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ആ ഉടുപ്പ് വളരെ മനോഹരമായി അവർ തയ്‌ച്ചെടുത്തിരിക്കുന്നു.
അപ്പൂപ്പന് സുഖം തന്നെയല്ലേ?
എന്നോട് കുശലാന്വേഷണങ്ങൾ ചോദിച്ചതിന് മറുപടിയായി ഞാനും ഒരു ചോദ്യം എറിഞ്ഞു. അപ്പൂപ്പന്റെ വിശേഷങ്ങൾ അമ്മ പറഞ്ഞുപൂർത്തിയാക്കുന്നതിനുമുൻപേ കൃഷ്ണനെത്തി. ഇന്ന് വെള്ളിയാഴ്ച്ചയാണ് ബെൽ നേരത്തേയടിക്കും. ഞാനും കൃഷ്ണനും തിരക്കിട്ട് റോഡ് മുറിച്ച് കടക്കാനായി നിന്നു. പെട്ടെന്ന് ഞങ്ങളുടെ മുൻപിലൂടെ ഒരു ലോറി അതിവേഗത്തിൽ മുന്നോട്ട് പോയി, ലോറിയുടെ വേഗത എതിരെ വന്ന ബസ്സിന്റെ നിയന്ത്രണം തെറ്റിച്ചു. ബസ് ചെന്നിടിച്ചത് സ്ക്കൂളിന് മുൻപിലെ ഇലക്ട്രിക് പോസ്റ്റിൽ. ഞാനും കൃഷ്‌ണനും മുകളിലേക്ക് നോക്കി. ഉഗ്ര ശബ്ദത്തോടെ കുറച്ച് കമ്പികൾ ഞങ്ങൾക്ക് മുൻപിൽ വന്നു പതിച്ചു. അതിൽ നിന്നും പൊട്ടിത്തെറിച്ച ഒരു കമ്പി ഞാൻ കൈമുറുക്കെപ്പിടിച്ചിരുന്ന എന്റെ കൃഷ്‌ണന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് വലിച്ചു. എന്റെ കൈവിട്ട് കൃഷ്ണൻ ഒരു ശബ്ദത്തോടെ ദൂരേക്ക് തെറിച്ച് വീണു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപേ അവിടെ ആളുകൾ തടിച്ച് കൂടി. കൃഷ്ണന് എന്തോ സംഭവിച്ചിട്ടുണ്ട്. എന്തോ ഒരു വേദന എന്നെ വരിഞ്ഞുമുറുക്കുന്നതുപോലെ തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
കണ്ണുനീരുതുടച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കൃഷ്‌ണനെ ഒരു മിന്നായം പോലെ ഞാൻ കണ്ടു. എന്റെ കൈവിട്ടുപോയ അവനെ ആരെല്ലാമോ ചേർന്ന് ഉയർത്തിയെടുത്ത് കൊണ്ടുപോകുന്നു. അവന്റെ മുഖത്തേക്ക് നോട്ടമെത്തിക്കാൻ ശ്രമിച്ചു. അവന്റെ ശരീരം പുതച്ചിരുന്ന ഒരു പിങ്ക് കളർ തുണി എന്റെ കാഴ്‌ചകളെ മറച്ചു.
എക്സാം അടുക്കുന്നു. ഇനി കുറച്ച് ദിവസങ്ങൾകൂടിയെ ഉള്ളൂ.
നല്ലോണം പഠിക്കണം. ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. ഉത്തരത്തിൽ കൂടുകൂട്ടിയ പ്രാവുകൾ മുട്ടയിട്ടിരിക്കുന്നു. ടീച്ചറുടെ മേശയിൽ നിന്നും ചാടിയിറങ്ങി അശോകൻ ഉറക്കെപ്പറഞ്ഞു. ടീച്ചർ ക്ലാസ്സ് എടുക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ ആ പ്രാവിൻ കൂട്ടിലായിരുന്നു. എത്ര മുട്ടകളുണ്ടായിരിക്കും. ഇനി എത്ര ദിവസമെടുക്കും അത് വിരിയാൻ.
സ്ക്കൂൾ വിട്ട് പോകുന്നതിനിടയിൽ ഞാൻ കൃഷ്‌ണന്റെ വീട്ടിൽ കയറി. അവന്റെ അമ്മ ചായയും ബിസ്ക്കറ്റും തന്നു. അതും കുടിച്ച് കൃഷ്‌ണൻ കിടക്കുന്ന ബെഡിന് സൈഡിലിരുന്ന് ഞാൻ പ്രാവ് മുട്ടയിട്ട കാര്യം അവനോട് പറഞ്ഞു.
എത്ര ദിവസമെടുക്കും വിരിയാൻ?
എന്റെ മനസ്സിലുള്ള ചോദ്യം തന്നെ അവനും ചോദിച്ചു.
ഒരു രണ്ടുമൂന്നു ആഴ്ച്ചയാകുമായിരിക്കും. ഉത്തരം കൃത്യമാക്കാതെ ഞാൻ പറഞ്ഞു.
അപ്പോഴേക്കും നിനക്ക് ക്ലാസ്സിൽ വരാൻ പറ്റുമായിരിക്കും അല്ലേ?
എക്സാം എഴുതാൻ പറ്റില്ലെന്നാ അമ്മ പറഞ്ഞേ,
അപ്പൊ ജയിക്കില്ലേ?.
അത് ടീച്ചർ ഇവിടെ വന്നപ്പോ അമ്മ പറഞ്ഞിട്ടുണ്ട്.
എക്സാം എഴുതിയില്ലേലും ജയിപ്പിക്കും എന്നാ ടീച്ചർ പറഞ്ഞതത്രേ.
നിന്റെ ഭാഗ്യം, എക്സാം എഴുതേണ്ടല്ലോ. ഞാൻ ആ ആശ്വാസം മുഴുവനായി പുറത്ത് കാണിച്ചില്ല.
കൃഷ്ണന്റെ കഴുത്തിന് ചുറ്റും പൊള്ളിയിട്ടുണ്ട്. അത് മാറാൻ ഇനിയും ദിവസങ്ങളെടുക്കും.
ഞാൻ ഇനി എന്ത് ചെയ്യും?
എങ്ങനെയെങ്കിലും കൃഷ്‌ണന്റെ സഹായത്തോടെ പരീക്ഷയെഴുതി ജയിക്കാമെന്ന് വിചാരിച്ചപ്പോൾ അതും നടക്കില്ല എന്ന് ഇപ്പോൾ ബോധ്യമായിരിക്കുന്നു.
എല്ലാ ദിവസങ്ങളിലും ഞാൻ കൃഷ്ണന്റെ അടുത്തെത്തും. സ്കൂളിലെ പുതിയ കഥകൾ മുഴുവൻ അവന്റെ മുൻപിൽ വിവരിക്കും. അവൻ എല്ലാം ആകാംഷയോടെ കേട്ടിരിക്കും. അവന്റെ അമ്മ ഓരോ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളും കഴിച്ച് ഞാൻ എന്റെ ദിവസങ്ങൾ സന്തോഷ പൂർണ്ണമാക്കി.
എക്സാം കഴിഞ്ഞു. സ്ക്കൂൾ അടച്ചു. രണ്ടുമാസത്തെ വെക്കേഷനിൽ ഞാൻ എന്റെ നാട്ടിലേക്ക് പോയി. തിരിച്ചെത്തിയത് ആറാം ക്ലാസ്സിലേക്കുള്ള തയ്യാറെടുപ്പുകളുമായി ആയിരുന്നു. കൃഷ്ണനും ഞാനും ആറാം ക്‌ളാസ്സിലും ഒരേ ബെഞ്ചിലിരുന്നു. ആ ക്‌ളാസ്സ് അശോകൻ സാറിന്റെ ക്ലാസ്സായിരുന്നു. ഗീത ടീച്ചറെയും പ്രാവുകളെയും ഒരേപോലെ മിസ്സ് ചെയ്യുന്നു. ഇന്റർവൽ സമയത്ത് പ്രാവുകളുടെ കുട്ടികളെ അന്വേഷിച്ച് ഞാനും കൃഷ്‌ണനും പഴയ ക്ലാസ്സിന് മുന്നിലൂടെ നടന്നു. ഗീത ടീച്ചർ ഞങ്ങളെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചു.
എന്താ നിങ്ങൾ രണ്ടാളും ഇവിടെ?
ഒന്നുമില്ല ടീച്ചർ. വെറുതെ.
ക്‌ളാസ്സ് മാറിയാലും, ടീച്ചർ മാറിയാലും, നന്നായിട്ട് പഠിക്കണം കെട്ടോ. ടീച്ചർ സന്തോഷത്തോടെ ഞങ്ങളെ ചേർത്ത് പിടിച്ചു.
ഞാൻ ഒളികണ്ണിട്ട് ക്ലാസ്സിന്റെ മട്ടുപ്പാവിലേക്ക് നോക്കി.
അന്ന് വൈകുന്നേരം. ബെല്ലടിച്ചു.
സ്ക്കൂൾ കഴിഞ്ഞ് കൃഷ്ണൻ വീട്ടിലേക്ക് പോയതിന് ശേഷം ഞാൻ അതീവ ധൃതിയിൽ നടന്നു.
മുൻപിൽ ഒന്ന് രണ്ടുപേർ മാത്രമേയുള്ളൂ. തൊട്ട് മുൻപിൽ ഉള്ളത് അനുജയാണ്. അവൾ എന്നെക്കണ്ടതും ധൃതി കൂട്ടി നടന്നു. അഭിലാഷേട്ടൻ ഇപ്പൊ ഞങ്ങളുടെ സ്ക്കൂളിലല്ല. ഏഴാം ക്‌ളാസ്സ് ജയിച്ച് ടൗണിലെ സ്ക്കൂളിലേക്ക് പോയി. ഇപ്പൊ എനിക്ക് മുൻപിലുള്ളത് അനുജ മാത്രമാണ്. എന്നെ കണ്ടതും അവൾ നടത്തത്തിന്റെ വേഗത കൂട്ടി. ഞാൻ അടുത്തെത്തിയെന്ന് ഉറപ്പിച്ചതും അവൾ ഓടാൻ തുടങ്ങി. എന്റെ കാലുകൾക്കും വേഗത കൈവന്നു. ഞാൻ സർവ്വശക്തിയുമെടുത്ത് ഓടി. കാലുകളിൽ എവിടെ നിന്നോ കിട്ടിയ ഒരു ശക്തമായ ഊർജ്ജം എന്നെ മുൻപെ ങ്ങുമില്ലാത്തവിധം മുന്നോട്ട് നയിച്ചു. ഞാൻ അനുജയുടെ തൊട്ടടുത്തെത്തിയിരിക്കുന്നു. അവൾ എന്നെ നോക്കി. ഞാൻ ആ നോട്ടത്തിന് മറുപടി കൊടുത്തില്ല. അതിശക്തമായി ഒന്നൂടെ ഓടാൻ ശ്രമിച്ചു. അനുജയെ പിന്നിലാക്കി എന്റെ എക്കാലത്തെയും വലിയ വിജയത്തിലേക്ക് ഞാൻ മുന്നേറി. കുറച്ച് ദൂരം അതേ വേഗതയിൽ ഓടിയ ഞാൻ പതിയെ തിരിഞ്ഞുനോക്കി. അനുജയുടെ മുഖത്ത് മറ്റൊരു ദിവസവുമില്ലാത്ത വിധം പരാജയം തളം കെട്ടിക്കിടക്കുന്നു. അവൾ നന്നായി ക്ഷീണിച്ചിട്ടുണ്ട്. എന്റെ ഓട്ടം വീട് വരെ നീണ്ടു.
നാളെ ഈ കഥ കൃഷ്‌ണനോട് പറയണം. അവന്റെ മുഖത്ത് വിരിയുന്ന അത്ഭുതവും സന്തോഷവും കാണാൻ എനിക്ക് കൊതിയാവുന്നു. അവനോട് സംഭവം വിവരിക്കുന്നതും മനസ്സിൽ കണ്ട് ഞാൻ വീട്ടിലേക്ക് ഓടിക്കയറി.
അഭിലാഷേട്ടൻ ഏഴാം ക്ലാസ്സ് ജയിച്ചത് ഒരിക്കലും അഭിലാഷേട്ടന്റെ വിജയമായിരുന്നില്ല. മറിച്ച് അതെന്റെ വിജയമായിരുന്നു.


Comments
Post a Comment