മിറർ !


 

ബീവറേജിന്റെ തൊട്ടടുത്താണ് കുഞ്ഞുമോന്റെ കട. ബീവറേജിൽ വരുന്ന ശരാശരി മലയാളിക്ക് ആവശ്യമായ കുപ്പിവെള്ളവും ടച്ചിങ്ങ്സും പിന്നെ നാരങ്ങ സോഡയും ഒക്കെയാണ് കുഞ്ഞുമോൻ തന്റെ കടയിൽ വിൽക്കുന്നത്. മദ്യം തനിക്ക് ഹറാമാണെങ്കിലും മദ്യപിച്ച് മദോന്മത്തരാകുന്ന നാട്ടുകാർക്ക് വേണ്ടി ആ കട നടത്താൻ കുഞ്ഞുമോന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ബീവറേജിനടുത്ത് വേറെയും ഒന്ന് രണ്ട് കടകളുണ്ടായതുകൊണ്ട്തന്നെ കുഞ്ഞുമോന്റെ കടയിൽ പ്രത്യേകിച്ച് തിരക്കൊന്നും ഉണ്ടാകാറില്ല. മറ്റു രണ്ടുകടകളെയും പോലെ കുഞ്ഞുമോന്റെ കടയും ആ ബീവറേജിന് മുൻപിൽ അതിജീവിച്ചുകൊണ്ടിരുന്നു.

 

കടയിലെത്തിയ ജസ്റ്റിനും അഷറഫിനും കുഞ്ഞുമോൻ നാരങ്ങ സോഡ ഒഴിച്ച് കൊടുത്തു. ജസ്റ്റിൻ ഒറ്റവലിക്ക് അത് കുടിച്ച് തന്റെ അണ്ഡകടാഹത്തിൽ നിന്ന് വരുന്ന ഗ്യാസ് വായിലൂടെ പുറത്തേക്ക് വിട്ടു. അഷ്‌റഫ് പതിയെ കുടിച്ച് കുഞ്ഞുമോനെ ഒന്ന് നോക്കി.

തടിച്ച ശരീരം, ഇട്ടിരിക്കുന്ന ടീ ഷർട്ടിന്റെ വയറിന്റെ ഭാഗവും പിൻഭാഗം പൂർണമായും വിയർത്തിരിക്കുന്നു. കുഞ്ഞുമോന്റെ നടത്തത്തിന് ഒരു പതിഞ്ഞ താളമാണുള്ളത്. അതിനാൽ പലപ്പോഴും കുടിയന്മാർ കൂടുതൽ സമയം അവർക്കാവശ്യമായ സാധനങ്ങൾക്കായി ആ കടക്ക് മുൻപിൽ സമയം ചെലവഴിക്കേണ്ടി വന്നു. എല്ലാ ക്ഷമയും നശിച്ച് ക്യൂ നിന്ന് കുപ്പിയുമായി വരുന്ന ചില കുടിയൻമാർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായതുകൊണ്ട് ചിലരൊക്കെ കുഞ്ഞുമോനോട് വഴക്കിട്ടു.

 

അള്ളാ..., മഗ്രിബ് ബാങ്ക് കൊടുത്ത്.

കുഞ്ഞുമോൻ കടക്ക് ഷട്ടറിട്ടു. തന്റെ പഴയ കാവസാക്കി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ജസ്റ്റിനെയും അഷ്റഫിനെയും വിളിച്ചു.

ഇന്ന് നോമ്പ് ഉള്ള ദിവസമാണ്. നമുക്ക് വീട്ടിൽ പോയി വല്ലതും കഴിക്കാം.

ജസ്റ്റിൻ അഷ്റഫിനെ ഉന്തി തള്ളി ബൈക്കിന്റെ പിന്നിൽ കയറ്റി. പക്ഷെ, അഷ്റഫിന് താൻ ആദ്യമായി കാണുന്ന കുഞ്ഞുമോനൊപ്പം പോകാൻ അല്പം മടിയുണ്ടായിരുന്നു. ടാറിട്ട ആ ചെറിയ റോഡിലൂടെ അവരെയും വഹിച്ച് ആ ശകടം ഓടി. കുഞ്ഞുമോനും ജസ്റ്റിനും പിന്നിലായി ഇരുന്ന  അഷ്‌റഫിന്റെ മുഖം ലക്ഷ്യമാക്കി വന്ന  ഒരു കാറ്റ് അവനെ മറ്റേതോ ചിന്തകളിലേക്ക് കൊണ്ടുപോയി.

 

കുഞ്ഞുമോൻ പറഞ്ഞ ആളെ ഇന്ന് കാണാനൊക്കുമോ. എന്തിനാണ് നമ്മളെ അയാൾക്ക് പരിചയപ്പെടുത്തുന്നത്. ജസ്റ്റിനാണ് തന്നെ ഇവിടെ എത്തിച്ചത്. തേവാരക്കാട് നിന്ന് വീടുമാറി വന്ന ശേഷം പത്താം ക്ളാസ്സിലേക്ക് പുതുതായി ചേർന്ന സ്കൂളിൽ തനിക്ക് കിട്ടിയ പ്രിയപ്പെട്ട സുഹൃത്തുകൂടിയാണ് ജസ്റ്റിൻ. അവൻ പറയുന്ന ഒരു കാര്യത്തിലും രണ്ടാമതൊന്ന്  ഞാൻ ആലോചിക്കാറില്ല. പിന്നെ എന്തിന് ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ ആലോചിക്കണം. തൽക്കാലം ആലോചന നിർത്താം.

 

ടാറിട്ട റോഡ് കഴിഞ്ഞ് മണ്ണിട്ട ഇടവഴിയിലൂടെ ബൈക്ക് ചെന്ന് നിന്നത് ഒരു പഴയ ഓടിട്ട വീടിന്റെ മുൻപിലായിരുന്നു. കുഞ്ഞുമോൻ ബൈക്ക് റോഡരികിൽ നിർത്തി. കീ ഊരിയിട്ടില്ല. കാവസാക്കി ബൈക്കിന്റെ പിന്നിലെ ഇൻഡിക്കേറ്ററുകൾ രണ്ടും പൊട്ടി തൂങ്ങി കിടപ്പുണ്ട്. അത് രണ്ടും താഴേക്ക്  വീഴാത്ത വിധം ഒന്ന് രണ്ട് വയറുകളാണ് ഇപ്പോൾ അതിനെ കൂട്ടിപ്പിടിച്ചിരിക്കുന്നത്.

വെട്ടിയുണ്ടാക്കിയ സ്റ്റെപ്പുകളിലൂടെ മൂന്നുപേരും കുന്നിൻ ചെരിവിലുള്ള ആ വീട്ടിലേക്ക് നടന്നു.

 

കൈ കഴുകി ജസ്റ്റിനും അഷ്റഫും അകത്തേക്ക് കയറി.

ഷഫീലാ, എന്താണ് ഉണ്ടാക്കിയത്, നമുക്കിന്ന് രണ്ട് ഗസ്റ്റ് ഉണ്ട് ട്ടാ

കുഞ്ഞുമോൻ അടുക്കളയിലേക്ക് കയറി. കൂടെ വീട്ടിലേക്ക് കയറിയ ജസ്റ്റിനും അഷ്റഫും ഡൈനിങ്ങ് ഹാളിൽ നിന്നു. ഡൈനിങ്ങ് ഹാളിൽ ചുമരിനോട് ചേർന്ന കട്ടിലിൽ പ്രായമായ ഒരു സ്ത്രീ കിടപ്പുണ്ട്. അവർ ഇടയ്ക്കിടെ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. എവിടെ ഇരിക്കണമെന്നറിയാതെ നിന്ന് പരുങ്ങുന്ന അവരുടെ മുൻപിലേക്ക് കുഞ്ഞുമോൻ നിലത്ത് ഒരു പായ വിരിച്ചുകൊടുത്തു.

 

ഉമ്മയാണ്, ഉമ്മാക്ക് സുഖമില്ല.

പായവിരിക്കുന്നതിനിടയിൽ കുഞ്ഞുമോൻ അഷ്‌റഫിനെ നോക്കി പറഞ്ഞു. അഷ്‌റഫിന്റെ മുഖത്തെ അപരിചിതത്വം തിരിച്ചറിഞ്ഞതുകൊണ്ടാവും കുഞ്ഞുമോൻ അവനെ കൂടുതൽ പരിഗണിക്കാൻ ശ്രമിച്ചു.

 

ഇത് നമ്മുടെ നാട്ടിലുണ്ടാക്കുന്ന പത്തിരിയാണ്. നിങ്ങളുടെ വീട്ടിലൊന്നും ഇങ്ങനെ ആയിരിക്കില്ല അല്ലേ!

കട്ടിയുള്ള പത്തിരിയും ചുമന്ന അയലക്കറിയും ജസ്റ്റിനും അഷ്‌റഫിനും വിളമ്പിക്കൊണ്ട് കുഞ്ഞുമോൻ ചോദിച്ചു.

 ഇല്ല, നമ്മടെ വീട്ടിലൊക്കെ നൈസ് പത്തിരിയാണ്. അഷ്‌റഫ് ആ വീട്ടിലെത്തിയ ശേഷം ആദ്യമായി ഒന്ന് സംസാരിച്ചു.

 അതെ, ഇവന്റെ വീട്ടിൽ നോമ്പിന് നല്ല വെറൈറ്റി ഉണ്ടാകും. ജസ്റ്റിൻ അതും പറഞ്ഞ് അഷ്‌റഫിനെ നോക്കി പുഞ്ചിരിച്ചു.

കുഞ്ഞുമോൻ ഒരു പാത്രത്തിൽ പത്തിരിയെടുത്ത് അതിൽ കറി മാത്രം ഒഴിച്ച് ഉമ്മ കിടക്കുന്ന കട്ടിലിന്റെ സൈഡിൽ ഇരുന്നു.

ആ പയ്യന്റെ വീടെവിടെയാണ്?

ഉമ്മ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

ദേ ഉമ്മ നിന്റെ വീട് ചോദിക്കുന്ന്.

ഉമ്മയുടെ ചോദ്യം അഷ്‌റഫ് കേൾക്കാൻ വേണ്ടി കുഞ്ഞുമോൻ ആവർത്തിച്ചു.

 

തേവാരക്കാട്, കുറച്ച് ദൂരെയാണ്. ഇപ്പൊ ഇവിടെ ആലപ്പാടാണ് താമസം.

അഷ്‌റഫ് അത് പറഞ്ഞത് കുറച്ച് ഉറക്കെയായിരുന്നു.

ഉമ്മ പിന്നെ കുറച്ച് നേരത്തേക്ക് ശബ്ദങ്ങളൊന്നും ഉണ്ടാക്കിയില്ല. ഭക്ഷണം കഴിഞ്ഞ് മുറ്റത്തെ മാവിന്റെ ചോട്ടിൽ ചുരുണ്ട് കിടക്കുന്ന കറുത്ത പൈപ്പിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന വെള്ളം കൊണ്ട് ജസ്റ്റിനും അഷ്റഫും കൈകഴുകി.

കുന്നിന്റെ മുകളിലെ ഉറവയിൽ നിന്ന് വരുന്ന വെള്ളമാണ്. അവിടെ നിന്നും പൈപ്പ് വഴി വരുന്ന വെള്ളം കുഞ്ഞുമോന്റെ വീട്ടിൽ ആവശ്യത്തിനെടുത്തുവെയ്ക്കാൻ  ഒരു ടാങ്ക് ഉണ്ട്. അത് നിറഞ്ഞാൽ പൈപ്പ് പറമ്പിലേക്ക് ഇടും. ഉറവയിലെ വെള്ളം അങ്ങനെ പൈപ്പ് വഴി ആ പറമ്പിലൊക്കെ ദിശമാറി ഒഴുകും. കുഞ്ഞുമോൻ അൽപ നേരം വീടിന്റെ തിണ്ണയിലിരുന്നു. തന്റെ ഫോൺ എടുത്തു ആരെയോ വിളിച്ചു.

 

സമയം എട്ടുമണിയായിട്ടുണ്ട്. കുഞ്ഞുമോന്റെ കടയിലിപ്പോൾ തിരക്കുണ്ട്. ഒരുത്തൻ കടയുടെ മുൻപിൽ ഊരിയ ഉടുതുണിയും പിടിച്ച്  വീണു കിടക്കുകയാണ്. അതിലെ പോകുന്ന ആൾക്കാരെ മുണ്ടും കയ്യിൽ ചേർത്ത് പിടിച്ച് തൊഴുതു. തന്നെ മൈൻഡ് ചെയ്യാതെ പോകുന്നവരെയെല്ലാം വായിൽ തോന്നിയതെല്ലാം വിളിച്ച് പറയുകയും ചെയ്തു. കുറച്ച് നേരം പുള്ളിയുടെ നിശബ്ദദ. ആരോ പുള്ളിക്ക് മുൻപിലൂടെ കുഞ്ഞുമോന്റെ കടയിലേക്ക് നടന്നുവരുന്നു. അഷ്‌റഫ് തിരിഞ്ഞുനോക്കി. പതിയെ വേച്ച് വേച്ച് നടക്കുന്ന അദ്ദേഹത്തിന്റെ ഇടത്തേക്കയ്യിൽ ഒരു ഊന്നുവടിയുണ്ട്. അതിന്റെ സഹായത്തോടെയാണ് അയാൾ നടക്കുന്നത്. അയാളുടെ ഒരു കാൽ തറയിൽ നിന്നും അൽപം  ഉയർന്നു നിൽക്കുന്നു. ആ കാലിന് പൂർണമായ സ്വാധീനമില്ല. തലയിലൊരു കറുത്ത തൊപ്പി. തൊപ്പിയുടെ ഉള്ളിൽ നിന്നും മുടികൾ നീണ്ടുനീണ്ട് തോളറ്റം വരെ വീണുകിടപ്പുണ്ട്. തോളിൽ ഒരു നിറം മങ്ങിയ ബാഗും തൂക്കിയിട്ടിരിക്കുന്നു. കറുത്ത ഷർട്ടും കറുപ്പിനോട് ചേർന്നുകിടക്കുന്ന കടും നീല കളറുള്ള പാന്റും. ഇടത്തെ പാന്റിന്റെ കാൽ അവിടെ കാലിന്റെ പിൻബലം ഇല്ലാത്തതിനാൽ തൂങ്ങിയാടിക്കൊണ്ടിരിക്കുന്നു.

 

മുസ്തഫ,

ജസ്റ്റിൻ പുള്ളിയെ നോക്കി, എഴുന്നേറ്റു നിന്നു. ജസ്റ്റിന് നേരെ തന്റെ വലത്തേ കൈ നീട്ടി. അയാൾ അഷ്റഫിനോട് ചിരിച്ചു. അഷ്‌റഫ് പതിയെ എഴുന്നേറ്റ് അയാളെ ഒന്നുകൂടെ അടിമുടി നോക്കി.

 സമയം പിന്നെയും മുന്നോട്ട് പോയി. കുഞ്ഞുമോന്റെ കടയിലെ തിരക്കുകൾ കഴിഞ്ഞപ്പോൾ അവൻ അവർ മൂന്നുപേരും ഇരിക്കുന്ന ആ ടേബിളിന് മുൻപിൽ ഒരു ചെയറും വലിച്ചിട്ട് ഇരുന്നു. കടക്ക് മുൻപിൽ വീണുകിടക്കുന്ന കുടിയൻറെ ഞെരക്കങ്ങളും തെറിവിളികളും ഇപ്പോൾ  പതിഞ്ഞ ശബ്ദത്തിലായിട്ടുണ്ട്.

നമ്മളിവിടെ തുടങ്ങുന്നത് ഒരു കുറിയാണ്. ഈ കുറിയിൽ നിങ്ങൾക്കറിയാവുന്ന ആരെയും ചേർക്കാം. കുറിയിലേക്ക് അവർ എല്ലാ ആഴ്ച്ചയും കയ്യിലുള്ളത് എത്രയാണോ അത് അടക്കുക. മൂന്ന് മാസത്തിനുള്ളിൽ വെറും ആയിരം രൂപ മൊത്തമായി അടച്ചാൽ മതി. പക്ഷെ, അവർക്ക് കിട്ടാൻ പോകുന്നതോ. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഇരുപത്തിയയ്യായിരം രൂപ വിലയുള്ള ഒരു വാഷിംഗ് മെഷീൻ. രണ്ടാം സമ്മാനം ഒരു റെഫ്രിജറേറ്റർ, മൂന്നാമതോ ഒരു എൽ.ഇ.ഡി ടിവി. ഇനി ഇതൊന്നും കൂടാതെ പത്തോളം സമ്മാനങ്ങൾ വേറെയും. ഇനി ഒന്നും കിട്ടിയില്ലേ, വിഷമിക്കേണ്ട. ആയിരം രൂപ വില വരുന്ന ഒരു ചുരിദാർ പങ്കെടുക്കുന്ന എല്ലാവർക്കും സ്വന്തമാക്കാം. അപ്പൊ കൂടുന്നവർക്ക് ഒരു നഷ്ടവുമില്ല. 

മുസ്തഫ പറഞ്ഞ് നിർത്തി.

ഒന്നും മിണ്ടാതെയിരുന്ന രണ്ടുപേരെയും നോക്കി മുസ്തഫ തുടർന്നു 

"ഇതിൽ നിങ്ങളുടെ കമ്മീഷൻ എന്താണെന്നല്ലേ, ഇരുപത് ശതമാനം." 

 അതായത് ഒരാൾ ആയിരം രൂപ മുഴുവനായി അടച്ചാൽ അതിൽ നിന്നും ഇരുന്നൂറ് രൂപ നിങ്ങൾക്ക്. അത് പറഞ്ഞത് കുഞ്ഞുമോനായിരുന്നു. അതും പറഞ്ഞ് കുഞ്ഞുമോൻ മൂന്ന് സോഡ പൊട്ടിച്ചു. അത് മൂന്നുപേർക്കും കൊടുത്തു. 

 അതെ, നിങ്ങൾ എത്ര പേരെ ചേർക്കുന്നോ അതിനനുസരിച്ച് നിങ്ങൾക്ക് കമ്മീഷനും കൂടും. ഗ്യാസ് പുറത്തേക്ക് വിട്ട് മുസ്തഫ തുടർന്നു.

 ജസ്റ്റിൻ കുഞ്ഞുമോൻറെ കാവാസാക്കി ബൈക്കിൽ അഷ്‌റഫിനെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വിടുന്നതിനിടയിൽ അഷ്‌റഫ് ബൈക്കിന്റെ ബാക്കിലിരുന്ന് ജസ്റ്റിൻ പറയുന്നതൊന്നും കേൾക്കാതെ വീണ്ടും ആലോചനയിൽ മുഴുകി. രൂപ ഇരുന്നൂറ് കിട്ടുന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ, ഇതുകൊണ്ട് ഞാനും ജസ്റ്റിനും കൂടെ പ്ലാൻ ചെയ്ത പോലെ ഞങ്ങളുടെ ടൂറും നടക്കും. പക്ഷെ, കുഞ്ഞുമോന്റെ പ്രശ്നങ്ങളൊക്കെ ഇതുകൊണ്ട് തീരുമോ?. കുഞ്ഞുമോന് മാത്രമല്ലല്ലോ മുസ്തഫക്കും ഉണ്ടല്ലോ ഒരുപാട് പ്രശ്നങ്ങൾ അവരൊക്കെ എങ്ങനെ രക്ഷപ്പെടും. അവർക്കെന്ത് ലാഭമായിരിക്കും ഇതിൽ നിന്ന് കിട്ടുക. എന്തായാലും നാളെ മുതൽ ഈ പരിപാടി തുടങ്ങണം. മുസ്തഫ തന്ന കാർഡുമായി കാണാവുന്ന എല്ലാവരെയും പോയി കണ്ട് കുറിയിൽ അംഗമാക്കണം. പക്ഷെ ഒരു പ്രശ്നമുള്ളത് ഈ നാട് തനിക്ക് വേണ്ടത്ര പരിചയം ഇല്ല എന്നുള്ളതാണ്. ആകെ അറിയാവുന്നത് സ്കൂളിലെ കുറച്ച് പിള്ളേരെയും വീടിനടുത്തുള്ള കുറച്ച് അയൽ വാസികളെയുമാണ്. പത്താം ക്‌ളാസ്സിലെ ടൂറിന് ഉമ്മ പൈസ തരില്ല എന്നുപറഞ്ഞപ്പോൾ ഉറപ്പിച്ചതാണ് എങ്ങനെയെങ്കിലും സ്വന്തമായി പൈസ ഉണ്ടാക്കി ടൂറ് പോകും എന്നത്. എന്തായാലും ആ സ്വപ്നം ഈ തവണ പൂവണിയും. അഷ്‌റഫ് അവന്റെ സ്വപ്നത്തെ ചേർത്ത് പിടിച്ച് ഉറങ്ങി.

 

പിറ്റേ ദിവസം മുതൽ അഷ്‌റഫ് തന്റെ പരിപാടിയുമായി ഇറങ്ങി. പക്ഷെ വിചാരിച്ചതിനേക്കാൾ എളുപ്പമായിരുന്നു ആളുകളെ കുറിയിൽ ചേർക്കാൻ. പുതുതായി താമസമായി വന്ന ആളായതുകൊണ്ട് അഷ്‌റഫിന്റെ വാക്കുകൾ ആൾക്കാർ കേട്ടിരുന്നു. കേട്ടതിൽ പകുതി പേരും അപ്പോൾ തന്നെ നൂറും ഇരുന്നൂറും നൽകി കുറിയിൽ അംഗമായി. പക്ഷെ, ജസ്റ്റിന് കുറച്ചധികം ബുദ്ധിമുട്ടേണ്ടി വന്നു. അവൻ പലരുടെയും അടുത്ത് പല തവണയും പോയിട്ടും  വിചാരിച്ചത് പോലെയായില്ല. എങ്കിലും രണ്ടുപേരും നന്നായി ശ്രമിച്ചു. 

തങ്ങൾ മുടക്കേണ്ടി വരുന്നത് ചെറിയ തുകയാണെന്നും അതിന് പകരമായി എന്തെങ്കിലും ഒന്ന് കിട്ടുമെന്നും, അതും ഇല്ലെങ്കിൽ ഈ പയ്യന് ഒരു സഹായമാകുമല്ലോ എന്നും അഷ്റഫിന് പണം കൊടുത്തവർ കരുതി. അങ്ങനെ അഷ്‌റഫ് തന്റെ ഓരോ ആഴ്ചകളും ഫലപ്രദമായി വിനിയോഗിച്ചു. ഞായറാഴ്ചകളിൽ അവൻ പണം പിരിക്കാൻ ഇറങ്ങും. കിട്ടിയ പണമെല്ലാം സ്വരുക്കൂട്ടി വെക്കും. പണം നറുക്കെടുപ്പ് ദിവസം മുസ്തഫയെ ഏൽപ്പിച്ചാൽ മതി എന്ന് പറഞ്ഞതുകൊണ്ട് ആ പണം അഷ്‌റഫ് തന്റെ അലമാരയിൽ സൂക്ഷിച്ചു.

 

മൂന്ന് മാസം പെട്ടെന്ന് കഴിഞ്ഞു. കുറിയെടുക്കുന്നതിന് തലേദിവസം കുഞ്ഞുമോന്റെ കടയിൽ വെച്ച് മുസ്തഫയെ വീണ്ടും കണ്ടു. അൽപ നേരം സംസാരിച്ചിരുന്നു. കുഞ്ഞുമോൻ ഉമ്മയ്ക്ക് സുഖമില്ലാത്തത് കാരണം കടയിൽ നിന്ന് രാവിലെത്തന്നെ ഹോസ്പിറ്റലിലേക്ക് പോയി. അന്ന് ഉച്ചവരെ കട നോക്കിയത് അഷ്റഫും ജസ്റ്റിനുമായിരുന്നു. അതിനിടയിലാണ് മുസ്തഫ അവിടേക്ക് വന്നത്.

 കമ്മീഷൻ ഇനത്തിൽ രണ്ടുപേരും നല്ലോണം ഉണ്ടാക്കിയിട്ടുണ്ടല്ലോ. മുസ്തഫ ചിരിച്ചുകൊണ്ട് പറഞ്ഞു.

 അത്, ഞങ്ങൾക്ക് ടൂർ പോകാനുള്ളതാണ്.

സ്കൂൾ ടൂർ പോകാൻ പറ്റിയില്ല. പക്ഷെ, ഞങ്ങൾ രണ്ടുപേരും കൂടെ വേറൊരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്.

ജസ്റ്റിൻ സർബത്ത് ഉണ്ടാക്കിക്കൊടുക്കുന്നതിനിടയിൽ പറഞ്ഞു.

 എവിടേക്കാണ്?

 അതൊക്കെ കുറച്ച് സീക്രട്ട് ആണ്.

 മുസ്തഫ ചിരിച്ചു.

നാളെ രാവിലെ പത്ത് മണിക്ക് മുൻപായി എത്തണമെന്നും പറഞ്ഞ് മുസ്തഫ ബൈ പറഞ്ഞു. ഒരു സ്കൂട്ടറിൽ ഒരു തടിച്ച സ്ത്രീ വന്ന് മുസ്തഫയെയും കയറ്റി പോയി.

 ആരാണത്? അഷ്‌റഫ് ചോദിച്ചു.

അത് അവരുടെ പുതിയ സ്റ്റാഫ് ആണ്. ഈ കുറിയൊക്കെ കോർഡിനേറ്റ് ചെയ്യുന്നത് ഇപ്പൊ അവരാണ്. ജസ്റ്റിൻ വിശദീകരിച്ചു.

 

പിറ്റേ ദിവസം രാവിലെ കയ്യിലുള്ള പണവുമായി അഷ്‌റഫ് വണ്ടി കയറി. സമയം ഒൻപത് ആയപ്പോഴേക്കും അവൻ പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു. അവൻ മാത്രമല്ല അവിടെ ആ സമയമായപ്പോഴേക്കും ഒരുപാട് പേർ വന്ന് കാത്തിരിക്കുന്നുണ്ടായിരുന്നു. പുതുതായി പണികഴിപ്പിച്ച ബിൽഡിംഗ് ആയിരുന്നു അത്. അതിന്റെ വിശാലമായ ഹാളിൽ ഇരുനൂറോളം പേർക്ക് ഇരിക്കാം. പകുതിയോളം ആൾക്കാർ ഇപ്പോൾ തന്നെ ഹാളിലുണ്ട്.

 

എടാ ഒരുപ്രശ്നമുണ്ട്.

ജസ്റ്റിൻ അഷ്റഫിനെയും വിളിച്ചുകൊണ്ട് ഹാളിന് പിൻവശത്തുള്ള മുറികളുള്ള ഭാഗത്തേക്ക് നടന്നു.

എന്ത് പ്രശ്നം.?

അഷ്റഫിന് ഒന്നും മനസ്സിലായില്ല.

മുസ്തഫയുടെ കൂടെ നീ ഇന്നലെ കണ്ട സ്ത്രീയില്ലേ, അവൾ മുസ്തഫയ്ക്ക് ചെറിയൊരു പണികൊടുത്തു.

നീ എന്താ ഈ പറയുന്നത്. ഒന്ന് തെളിയിച്ച് പറ.

 എടാ, ആ സ്ത്രീ അവരുടെ കയ്യിലുണ്ടായിരുന്ന കുറിയിൽ നിന്നും കളക്ററ്റ് ചെയ്ത എല്ലാ പണവുമായി മുങ്ങി.

 അഷ്‌റഫ് ഒന്ന് തരിച്ചു നിന്നു.

 എന്നിട്ട്, മുസ്തഫ എവിടെ ?

 മുസ്തഫ റൂമിലുണ്ട്, നമുക്ക് അവന്റെ അടുത്തേക്ക് പോകാം. ജസ്റ്റിൻ അഷ്റഫിനെയും കൂട്ടി മുസ്തഫയുടെ റൂമിലേക്ക് പോയി.

ആ റൂമിൽ പലയിടത്തായി ചുരിദാർ സെറ്റുകൾ അടുക്കി വയ്ച്ചിരിക്കുന്നു. ഒരിടത്ത് തറയിലിരുന്ന് എല്ലാം എണ്ണി തിട്ടപ്പെടുത്തുകയാണ് മുസ്തഫ. അയാളുടെ സ്വാധീനമില്ലാത്ത കാൽ തറയിൽ നീണ്ടുകിടക്കുന്നു. അഷ്‌റഫിനെ കണ്ടതും മുസ്തഫ  തന്റെ സ്ഥിരമായുള്ള ചിരി ചിരിച്ചു. എന്നിട്ട് വീണ്ടും ചുരിദാറുകൾ അടുക്കി വെക്കുന്ന പണിയിൽ മുഴുകി.

തകർന്നിരിക്കുന്ന ഒരു മനുഷ്യനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അഷ്റഫിന് അറിയില്ലായിരുന്നു.

 ഇനി എന്ത് ചെയ്യും?

ജസ്റ്റിൻ മുസ്തഫയോട് ചോദിച്ചു.

നിങ്ങൾ പേടിക്കണ്ട. അവളുടെ വീട് ഞങ്ങൾക്കറിയാം. അത് ഞങ്ങൾ കണ്ടെത്തിക്കോളും.

കുറി നമുക്ക് എടുക്കാം. സമ്മാനങ്ങളും കൊടുക്കാം. ഇത് കണ്ടില്ലേ, ഇതൊക്കെ വന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇത് നിങ്ങൾ ഒന്ന് അറേഞ്ച് ചെയ്യണം.

മുസ്തഫ അത് പറഞ്ഞ് എഴുന്നേറ്റു.

അഷ്റഫിന് ഒന്നും പറയാനുണ്ടായിരുന്നില്ല. തന്റെ കീശയിൽ സൂക്ഷിച്ചിരുന്ന പണവും കുറിയുടെ കാർഡുകളും അവൻ മുസ്തഫയ്ക്ക് കൊടുത്തു. എന്നിട്ട് പുറത്തേക്ക് നടന്നു. ജസ്റ്റിൻ അഷ്റഫിന് പിറകിൽ നടന്നു.

 സാരമില്ലെടാ, കുറി നടക്കും. മുസ്തഫ പറഞ്ഞത് കേട്ടില്ലേ.

അഷ്‌റഫ് ഒന്നും മിണ്ടിയില്ല. അവന്റെ മനസ്സുമുഴുവൻ വേറെന്തൊക്കെയോ ചിന്തകളായിരുന്നു.

മുസ്തഫ പറഞ്ഞതുപോലെ നറുക്കെടുപ്പ് ആരംഭിച്ചു. തന്റെ നാട്ടിലെ ഒന്നുരണ്ട് അയൽവാസികളും ആ ഹാളിൽ ഉണ്ടായിരുന്നത് അഷ്‌റഫ് കണ്ടു.

ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ആർക്കൊക്കെയോ അടിച്ചു. അഷ്‌റഫ് തന്റെ ലിസ്റ്റിലെ നമ്പർ നോക്കി ഇരുന്നു.

ഇല്ല, തന്റെ ലിസ്റ്റിൽ ആർക്കും അടിച്ചിട്ടില്ല. ബാക്കിയുള്ള സമ്മാനങ്ങളും അനൗൺസ് ചെയ്തു. തന്റെ ലിസ്റ്റിൽ ആർക്കും ഒന്നും അടിച്ചിട്ടില്ലല്ലോ. അഷ്‌റഫ് ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയ ചില പിരിമുറുക്കങ്ങൾ കേട്ടു. അത് പതിയെ വലുതാവാൻ തുടങ്ങി. നറുക്കെടുപ്പ് നടത്തിയവർക്ക് ചുറ്റും ആളുകൂടി. ഒന്നും രണ്ടും സമ്മാനങ്ങളൊഴികെ അവിടെ കൂടിയിരിക്കുന്ന ആർക്കും മറ്റൊരു സമ്മാനവും അടിച്ചിട്ടില്ല.

അഷ്റഫിന് ചില സംശയങ്ങൾ ബലപ്പെട്ടു തുടങ്ങി. അപ്പോഴേക്കും ജസ്റ്റിൻ മറ്റൊരു വാർത്തയുമായി അവന്റെ ചെവിക്കരികിലെത്തി.

എടാ, മുസ്തഫയും മുങ്ങി.

അഷ്‌റഫിന്റെ ചങ്ക് ശെരിക്കും തകർന്നത് അപ്പോഴായിരുന്നു. ആ സമയം ഹാളിൽ നിറഞ്ഞിരുന്ന ആളുകൾ മൊത്തം മുസ്തഫ താമസിച്ചിരുന്ന റൂമിലേക്ക് ഇരച്ചുകയറി. തങ്ങൾക്ക് ചുറ്റുമുള്ളവരെല്ലാം പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ആ ഒരു നിമിഷം. എന്ത് ചെയ്യണം എന്നറിയാതെ ജസ്റ്റിനും അഷ്റഫും ആ ആൾക്കൂട്ടത്തിന് ഏറ്റവും പിന്നിലായി റൂമിനടുത്തേക്ക് വേഗത്തിൽ നടന്നു. അവിടെ നിന്നും കയ്യിൽ കിട്ടിയ ചുരിദാറുകളെല്ലാം പലരും എടുത്തുകൊണ്ടുപോകുന്നു. അഷ്‌റഫ് എന്ത് ചെയ്യണമെന്നറിയാതെ തരിച്ച് നിന്നു. ജസ്റ്റിൻ ആ ആൾക്കൂട്ടത്തിനിടയിലൂടെ ഉള്ളിലേക്ക് ഇടിച്ച് കയറി.

ഒന്നും രണ്ടും സമ്മാനങ്ങൾ അടിച്ചവർ മുസ്തഫ മുൻകൂട്ടി ഏൽപ്പിച്ചവരാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഒരു കൂട്ടം ആൾക്കാർ അവരെ പെരുമാറാൻ തുടങ്ങി. ബഹളങ്ങൾ തുടരുന്നതിനിടയിൽ ആ ബിൽഡിങ്ങിന്റെ മൂലയിലെ സ്റ്റെപ്പിൽ ഇരിക്കുന്ന അഷ്റഫിനടുത്തേക്ക് ഒരു കെട്ട് ചുരിദാറുകളുമായി ജസ്റ്റിൻ വന്നു.

എടാ, ഇത് നീ തൽക്കാലം നിനക്ക് പണം തന്നവർക്ക് കൊടുക്ക്.  അവരോട് ഇവിടെ നടന്നതൊന്നും പറയണ്ട.

അപ്പൊ നീയോ ?

ഈ ചുരിദാർ കൊണ്ട് അവരുടെ വായടപ്പിക്കാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല.

ജസ്റ്റിൻ അതും പറഞ്ഞ് എങ്ങോട്ടോ പോയി.

അഷ്‌റഫ് ആ കെട്ടുകളുമെടുത്ത് വീട്ടിലേക്ക് വണ്ടി കയറി.

അന്ന് തന്നെ അഷ്‌റഫ് ചുരിദാറും തന്റെ തകർന്ന മനസ്സുമായി തനിക്ക് പണം നൽകിയവരുടെ മുൻപിലേക്ക് പോയി. പലരും അവിടെ നടന്നതെല്ലാം അറിഞ്ഞിരിക്കുന്നു. പക്ഷെ, ആരും അഷ്‌റഫിനെ ഒന്നും പറഞ്ഞില്ല. അവർ അവനെ ദയനീയതയോടെ നോക്കി. അവൻ നൽകിയ നൂറ്‌ രൂപ പോലും വിലയില്ലാത്ത ചുരിദാർ അവർ നോക്കുകപോലും ചെയ്യാതെ എടുത്തുവെച്ചു. ആ നോട്ടങ്ങൾ അവന്റെ ഹൃദയത്തിൽ തറച്ചു.


ഇരുപത് വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു. അഷ്‌റഫിന്റെ ലെക്സസ് കാർ ദുബായ് നഗരത്തിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലൂടെ ഒരു വലിയ കെട്ടിട സമുച്ചയത്തിന് മുൻപിൽ വന്ന് നിന്നു. അഷ്‌റഫ് കാറിൽ നിന്നിറങ്ങിയതും അവന്റെ സെക്രട്ടറി തെഹരിയ അവന് ഗുഡ് മോർണിംഗ് നേർന്നുകൊണ്ട് അവന്റെ പിറകിൽ നടന്നു. അവൾ ഇറാൻ കാരിയാണ്. കഴിഞ്ഞ വർഷമാണ് ഇവിടെ ജോയിൻ ചെയ്തത്. അഷ്‌റഫ് തന്റെ ഓഫീസിലേക്ക് കയറി. പുറകെ വന്ന തെഹരിയ മീറ്റിംഗിന് എല്ലാ ഇൻവെസ്റ്റേഴ്സും വന്ന കാര്യം അഷ്‌റഫിനെ ഓർമിപ്പിച്ചു.

ടെൻ മിനിറ്റ്സ്, ഐ വിൽ ജോയിൻ വിത്ത് ദെം.

തെഹരിയ കോൺഫറൻസ് ഹാളിലേക്ക് പോയപ്പോൾ അഷ്‌റഫ് പതിയെ എഴുന്നേറ്റ് തന്റെ ഓഫീസിലെ കണ്ണാടിയിലേക്ക് നോക്കി. വളർന്നു കൊണ്ടിരിക്കുന്ന താടി ഉള്ളം കൈകൊണ്ട് ഉഴിഞ്ഞു.

കണ്ണാടിയിൽ പ്രതിഫലിക്കുന്ന തൻ്റെ തിളങ്ങുന്ന കണ്ണുകളെ നോക്കി അഷ്‌റഫ് ചെറുതായൊന്ന് ചിരിച്ചു.

ആ ചിരി അവന്റേതല്ല, അതവനറിയാം. തൻ്റെ ഓഫീസ് റൂം വിട്ട് മീറ്റിംഗ് ഹാളിലേക്ക് നടക്കുമ്പോൾ കണ്ണാടിയിലെ പ്രതിബിംബം ആ ചിരി തുടർന്നുകൊണ്ടിരുന്നു.

അവനെ അവനാക്കിയ മുസ്തഫയുടെ ചിരി!

Comments